ട്രംപ് വാര്‍ത്തയ്ക്കും പനാമ പേപ്പര്‍ ലീക്കിനും പുലിറ്റ്‌സര്‍ പുരസ്‌കാരം
പനാമ: പനാമ രേഖകള്‍ ചോര്‍ന്നത് പുറത്തുകൊണ്ടുവന്ന ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് (ഐ.സി.എ.ജെ) ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം. അമേരിക്കയിലെ അയോവയില്‍ 10 പേര്‍ മാത്രം ജോലിചെയ്യുന്ന കുടുംബ പത്രത്തിനും വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവയ്ക്കും അവാര്‍ഡ് ലഭിച്ചു. ട്രംപുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനാണ് ന്യൂയോര്‍ക്ക് ടൈംസിനും വാഷിങ്ടണ്‍ പോസ്്റ്റിനും അവാര്‍ഡ് ലഭിച്ചത്.
ദ ഡെയ്‌ലി ന്യൂസിനും പ്രോ പബ്ലിക് ഓണ്‍ലൈന്‍ എന്ന വാര്‍ത്താ പോര്‍ട്ടലിനും പനാമ പേപ്പേര്‍സ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട അന്താരാഷ്ട്ര ജേണലിസ്റ്റ് കണ്‍സോര്‍ഷ്യവുമാണ് പുരസ്‌കാരം ലഭിച്ച മറ്റു മാധ്യമ സ്ഥാപനങ്ങളുടെ മുന്‍നിരയിലുള്ളത്.
ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കാണ് വാഷിങ്ടണ്‍ പോസ്റ്റിന് പുരസ്‌കാരം ലഭിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന് പുരസ്‌കാരം ലഭിച്ചത് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇടപെടല്‍ സംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്നാണ്.
1917ല്‍ തുടങ്ങിയ അമേരിക്കയുടെ വിഖ്യാത മാധ്യമ പുരസ്‌കാരം മിക്കവാറും വര്‍ഷങ്ങളില്‍ നേടിയത് വാഷിങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും അടക്കമുള്ള പ്രമുഖ പത്രങ്ങള്‍ക്കാണ്. ഇത്തവണ വാഷിങ്്ടണ്‍ പോസ്റ്റിലെ ഡേവിഡ് ഫാരന്റ്‌ഹോള്‍ഡാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വാര്‍ത്തക്ക് പുരസ്‌കാരം നേടിയത്. മികച്ച കമന്ററിക്കുള്ള പുരസ്‌കാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും വാള്‍സ്ട്രീറ്റ് ജേണല്‍ കോളമിസ്റ്റുമായ പെഗ്ഗി നൂനാന്‍ നേടി. ട്രംപിനെ കുറിച്ചുള്ള പരിപാടിക്കാണിത്. റോയിട്ടേഴ്‌സിന്റെ ജൊനാഥന്‍ ബാച്ച്മാന്‍ മികച്ച ഫോട്ടോഗ്രഫി പുരസ്‌കാരം നേടി.
ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം വിര്‍ജിനിയയില്‍ നിന്നുള്ള ചാള്‍സ്റ്റണ്‍ ഗസറ്റ് മെയിലിന്റെ റിപ്പോര്‍ട്ടര്‍ എറിക് ഇയറിന് ലഭിച്ചു. ഓക് ലാന്‍ഡിലെ ഈസ്റ്റ് ബേ ടൈംസ് അടക്കമുള്ള പത്രങ്ങളും പുരസ്‌കാരം നേടി. ഈ വര്‍ഷം 2,500ഓളം പേരാണ് പുലിറ്റ്‌സര്‍ സമ്മാനത്തിനായി രംഗത്തുണ്ടായിരുന്നത്. 21 ഇനങ്ങളിലായാണ് പുരസ്‌കാരം നല്‍കിയത്. 19 അംഗ പുരസ്‌കാര നിര്‍ണയ സമിതിയില്‍ മുന്‍ വര്‍ഷങ്ങളിലെ വിജയികള്‍ അടക്കമുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകരും അക്കാഡമീഷ്യന്മാരുമാണ് ഉള്‍പ്പെട്ടത്.
പനാമയിലെ നിയമസ്ഥാപനമായ മൊസാക് ഫൊന്‍സെക്കയുടെ രേഖകളാണ് ഐ.സി.എ.ജെ ചോര്‍ത്തിയത്. മക് ക്ലാഷി, മയാമി ഹെറാള്‍ഡ് എന്നീ രണ്ടു മാധ്യമസ്ഥാപനങ്ങളും പനാമ രേഖകള്‍ പുറത്തു കൊണ്ടു വന്നതില്‍ ഐ.സി.എ.ജെ ക്കൊപ്പമുണ്ടായിരുന്നു. 300 ലധികം മാധ്യമപ്രവര്‍ത്തകരാണ് ഈ ഇന്‍വെസ്റ്റിഗേഷനില്‍ പങ്കാളികളായിരിക്കുന്നത്.
നികുതി വെട്ടിച്ച് പണം സംരക്ഷിക്കാന്‍ ഇടപാടുകാര്‍ക്ക് എല്ലാ സഹായവും നല്‍കുന്ന കമ്പനിയായിരുന്നു മൊസാക് ഫൊന്‍സേക്ക. ജര്‍മന്‍ പത്രമായ സുഡ്‌ടോയിച്ച് സൈടുങിനാണ് അജ്ഞാതര്‍ കമ്പനിയുടെ തട്ടിപ്പ് സംബന്ധിച്ച രേഖകള്‍ കൈമാറിയത്.
ഗാര്‍ഡിയന്‍, ബി.ബി.സി ഉള്‍പ്പെടെ 100 ലധികം അന്താരാഷ്ട്ര മാധ്യമങ്ങല്‍ക്ക് ഈ രേഖകള്‍ ലഭിച്ചു. മൊസേക് ഫൊന്‍സേകയുടെ ഈ സേവനങ്ങള്‍ക്ക് രാജ്യാന്തര ബാങ്ക് ഭീമന്‍മാരും ഒത്താശ ചെയ്തിരുന്നു. 500 ലേറെ ബാങ്കുകള്‍ സഹകരിച്ചതായി പനാമ രേഖകള്‍ കാണിക്കുന്നു.
ലോകനേതാക്കളടക്കം നിരവധി രാഷ്ട്രീയക്കാരും ഇന്ത്യന്‍ പ്രമുഖരും വിദേശത്ത് അക്കൗണ്ടുകള്‍ തുടങ്ങുകയും നികുതിവെട്ടിച്ച പണം അതിലേക്ക് വന്‍തോതില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു.
3,300 കോപ്പിയുള്ള പത്രത്തിനും പുലിറ്റ്‌സര്‍
അയോവ: പത്തു പേര്‍ മാത്രം ജോലിചെയ്യുന്ന കുടുംബ പത്രത്തിനും മികച്ച എഡിറ്റോറിയലിനു പുലിറ്റ്‌സര്‍ പുരസ്‌കാരം. അമേരിക്കയിലെ ബ്യൂണ വിസ്ത കൗണ്ടിയിലുള്ള ഐയോവ എന്ന ടൗണില്‍ മാത്രം പ്രസിദ്ധീകരിക്കുന്ന സ്റ്റോം ലേക് ടൈംസിനാണ് പുരസ്‌കാരം. കൃഷി പ്രദേശത്ത് കമ്പനികള്‍ നടത്തുന്ന മലിനീകരണത്തിനെതിരേയുള്ള ശക്തമായ മുഖപ്രസംഗമാണ് അവാര്‍ഡിന് ആധാരം.
പത്രത്തിന്റെ നടത്തിപ്പുകാരില്‍ ഭൂരിഭാഗവും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. കലെന്‍ കുടുംബാംഗങ്ങളാണ് പത്രം നടത്തുന്നത്. ആര്‍ട് കലെന്‍ ആണ് പത്രത്തിന്റെ ഉടമസ്ഥന്‍. സഹോദരന്‍ ജോണ്‍ കലെന്‍ എഡിറ്ററും മക്കളും മരുമക്കളും പേരക്കുട്ടികളും എഡിറ്റോറിയല്‍ ജീവനക്കാരുമാണ്. കുത്തക കമ്പനികള്‍ക്കെതിരേയാണ് പത്രം തൂലിക ചലിപ്പിച്ചതെന്ന് അവാര്‍ഡ് സമിതി വിലയിരുത്തി. റാക്കൂണ്‍ നദിയിലെ മലിനീകരണത്തിനെതിരേയായിരുന്നു എഡിറ്റോറിയല്‍. നിയമ യുദ്ധത്തിനൊടുവില്‍ മലിനീകരണ പ്രശ്‌നത്തിന് പരിഹാരമായി.
ഒരു ചെറിയ പത്രം നടത്തിയ ഈ പോരാട്ടം പരിഗണിച്ചാണ് പുലിറ്റ്‌സര്‍ കമ്മിറ്റി എഡിറ്റോറിയല്‍ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."