എയ്ഡഡ് സ്‌കൂളുകളില്‍ ശമ്പളമില്ലാതെ നിരവധി അധ്യാപകര്‍
ചെറുവത്തൂര്‍: നിയമക്കുരുക്ക് അഴിയാത്തതിനാല്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികകളില്‍ നിയമിതരായ നിരവധി അധ്യാപകര്‍ ദുരിതത്തില്‍. കുട്ടികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് 2016- 17 അധ്യയന വര്‍ഷം മുതല്‍ അധിക തസ്തികകളില്‍ നിയമിതരായവരുടെ അംഗീകാരമാണ് അനന്തമായി നീളുന്നത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം അധ്യാപക വിദ്യാര്‍ഥി അനുപാതം കുറച്ച സാഹചര്യത്തില്‍ ഉണ്ടായ അധിക തസ്തികകളില്‍ നിയമനം ലഭിച്ചവരാണ് ഇവര്‍. എല്‍.പി വിഭാഗത്തില്‍ 1: 30 എന്ന തോതിലും യു.പിയില്‍ 1:35 എന്ന അനുപാതത്തിലുമാണ് പുതിയ തസ്തികകള്‍ അനുവദിക്കുന്നത്. എന്നാല്‍ ഇങ്ങനെയുണ്ടാകുന്ന തസ്തികകളില്‍ നിയമനം 1: 1 എന്ന അനുപാതത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പേരില്‍ സര്‍ക്കാരും മാനേജര്‍മാരും തമ്മില്‍ നിയമപോരാട്ടത്തിലാണ്.
അധിക തസ്തികകളിലെ ആദ്യ നിയമനം അധ്യാപക ബാങ്കില്‍ നിന്നായിരിക്കണമെന്നും അടുത്തത് മാനേജര്‍ക്ക് നിയമിക്കാമെന്നുമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന വ്യവസ്ഥ. ഈ രീതിയില്‍ സംരക്ഷിത അധ്യാപകരെ നിയമിക്കുന്ന തിയതി മുതലാണ് മാനേജര്‍ നിയമിക്കുന്ന അധ്യാപകനും നിയമനം നല്‍കുക. എന്നാല്‍ ഭൂരിഭാഗം ജില്ലകളിലും അധ്യാപക ബാങ്കില്‍ സംരക്ഷിതാധ്യാപകര്‍ ഇല്ലാത്തതും, ഈ നിര്‍ദേശം അംഗീകരിക്കാന്‍ മാനേജര്‍മാരുടെ സംഘടനകള്‍ തയാറാകാത്തതിനാലും അംഗീകാര നടപടികള്‍ അനന്തമായി നീളുകയാണ്.
സര്‍ക്കാര്‍ നിര്‍ദേശത്തോട് അനുഭാവം കാണിച്ച ചില മാനേജര്‍മാര്‍ 1: 1 എന്ന അനുപാതത്തില്‍ നിയമനം നടത്താമെന്ന് സമ്മതപത്രം നല്‍കിയിരുന്നു. ആദ്യ നിയമനം നടത്തേണ്ടുന്ന സംരക്ഷിതാധ്യാപകരുടെ അഭാവം കാരണം ഇത്തരം വിദ്യാലയങ്ങളിലും നടപടിക്രമങ്ങള്‍ എങ്ങുമെത്തിയില്ല. ഇത്തവണയും എയ്ഡഡ് വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപ്രകാരം ഈ വര്‍ഷവും അധിക തസ്തികകള്‍ സൃഷ്ടിക്കപ്പെടും. ഈ തസ്തികകളിലൊക്കെ മാനേജര്‍മാര്‍ നിയമനവും നടത്തിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."