അര്‍ജന്റീന തോറ്റതിന് പിന്നാലെ കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
ഏറ്റുമാനൂര്‍: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന തോറ്റതിന് പിന്നാലെ ആത്മഹത്യാകുറിപ്പെഴുതി വീടുവിട്ടിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
അയര്‍ക്കുന്നം ആറുമാനൂര്‍ കൊറ്റത്തില്‍ കെ.പി.അലക്‌സാണ്ടറുടെയും ചിന്നമ്മയുടെയും മകന്‍ ദിനു അലക്‌സി (30) ന്റെ മൃതദേഹം മീനച്ചിലാറ്റില്‍ കോട്ടയം താഴത്തങ്ങാടി ഇല്ലിക്കല്‍ പാലത്തിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് പുഴയില്‍ പൊങ്ങികിടക്കുന്ന മൃതദേഹം കണ്ടത്. ലയണല്‍ മെസിയുടെ കടുത്ത ആരാധകനായിരുന്നു ദിനു.
ടി.വി. കണ്ടുകൊണ്ടിരിക്കേവ്യാഴാഴ്ച രാത്രി 12.30 ന് ദിനു വീടുവിട്ടിറങ്ങിയെന്നത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മനസിലാകുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അയര്‍കുന്നം പൊലിസ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്ന വാചകങ്ങളുടെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തി മീനച്ചിലാറ്റില്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. എനിക്ക് ലോകത്തിനി മറ്റൊന്നും കാണാനില്ലെന്നും മരണത്തിന്റെ ആഴങ്ങളിലേക്ക് പോകുകയാണെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ദിനു എഴുതിവെച്ചിരുന്നു.
ഇതിനിടെ സ്ഥലത്തെത്തി മണം പിടിച്ച പൊലിസ് നായ ദിനുവിന്റെ വീട്ടില്‍ നിന്ന് ഏതാണ്ട് 30 മീറ്റര്‍ ഓടി മീനച്ചിലാറിന്റെ തീരത്ത് പോയി നിന്നു. ഇതോടെയാണ് ദിനു ആറ്റില്‍ ചാടിയിരിക്കാം എന്ന നിഗമനത്തില്‍ പൊലിസ് എത്തിയത്. അഗ്‌നിശമനസേനയും പൊലിസും നാട്ടുകാരും സകലസന്നാഹങ്ങളോടും കൂടി കരകവിഞ്ഞൊഴുകുന്ന മീനച്ചിലാറ്റില്‍ കുത്തൊഴുക്കിനെ അതിജീവിച്ച് രണ്ട് ദിവസം നടത്തിയ തിരച്ചില്‍ വിഫലമായിരുന്നു.
ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ മെസ്സിയെക്കുറിച്ച് ഏറെ വാചാലനാവുമായിരുന്നു ദിനു. ലോകകപ്പ് തുടങ്ങിയ നാള്‍ മുതല്‍ തന്റെ നോട്ട് ബുക്കില്‍ മെസ്സിയെക്കുറിച്ചുള്ള കാര്യങ്ങളും മറ്റും കുറിച്ചുവെക്കുന്നുണ്ടായിരുന്നു. ലോകകപ്പില്‍ ഒരിക്കലും പരാജയപ്പെടാന്‍ പാടില്ലെന്നും തോറ്റാല്‍ ജീവത്യാഗമായിരിക്കുമെന്നും സൂചിപ്പിക്കുന്ന രീതിയിലുള്ള കുറിപ്പുകളും ബുക്കിലുണ്ടായിരുന്നു. അര്‍ജന്റീന തോറ്റാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് വീട്ടുകാരോടും ദിനു പറഞ്ഞിട്ടുണ്ടത്രേ.
കോട്ടയത്ത് ചോയ്‌സ് ബുക്‌സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റായ ദിനു അലക്‌സ് അവിവാഹിതനാണ്. പി.എസ്.സി എല്‍ ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ പേരുള്ളയാളുകൂടിയാണ് ദിനു. ഏകസഹോദരി ദിവ്യ (ഖത്തര്‍).
കോട്ടയം വെസ്റ്റ് പൊലിസും കുമരകം പൊലിസും ഇല്ലക്കലിലെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഞായറാഴ്ച വൈകിട്ട് ആറുമാനൂര്‍ മംഗളവാര്‍ത്ത പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."