കൊവിഡ്-19 വൈറസ് കണ്ടെത്തുന്ന പരിശോധന സംവിധാനം വികസിപ്പിച്ച് സഊദി ഗവേഷകർ
റിയാദ്: കൊവിഡ്-19 കണ്ടെത്താൻ സഹായിക്കുന്ന പരിശോധന സംവിധാനം വികസിപ്പിച്ച് ഒരു സംഘം സഊദി ഗവേഷകർ. റിയാദ് റിസർച്ച് സെന്റർ ഓഫ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഗവേഷകരാണ് കൊവിഡ്-19 വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന സംവിധാനം വികസിപ്പിച്ചതെന്ന് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇവർ കണ്ടെത്തിയ പരീക്ഷണ സംവിധാനത്തിന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരവും നൽകിയിട്ടുണ്ട്.
കൊവിഡ്-19 വൈറസിലെ പോളിമെറാസ് ചെയിൻ റിയാക്ഷൻ (പിസിആർ) വിശകലനം അടിസ്ഥാനമാക്കിയാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. വൈറസുകളുടെ ജനിതകഘടകങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന് പുറമെ ഇൻഫ്ലുവൻസ അണുബാധ പരിശോധിക്കുന്നതിനുള്ള ശ്രമം കൂടിയാണ് പിസിആർ ടെസ്റ്റുകൾ. ഇതിന്റെ ഭാഗമായുള്ള പ്രൈമേഴ്‌സ് ഉത്‌പാദിപ്പിക്കാനുള്ള ഉപകരണം റിസർച്ച് സെന്റർ ഓഫ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയുടെ കൈവശം ഉണ്ടായിരുന്നതായി റിസർച്ച് സെന്റർ ഓഫ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി സിഇഒ ഡോ: അലി അൽ സഹ്‌റാനി പറഞ്ഞു.
പ്രാദേശികമായി പുതുതായി വികസിപ്പിച്ച പരിശോധന ഉൽപ്പന്നം ഉപയോഗിച്ച് കൊറോണ വൈറസ് ലബോറട്ടറികളിൽ സാമ്പിളുകൾ ഫലപ്രദമായി പരിശോധിക്കാൻ രാജ്യത്തെ ആശുപത്രികളെ സഹായിക്കുമെന്ന് കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്‌പിറ്റൽ ആൻഡ് റിസേർച്ച് സെന്റർ സിഇഒ ഡോ: മാജിദ് അൽ ഫയ്യാദ അഭിപ്രായപ്പെട്ടു. വൈറസ് വ്യാപനം വ്യാപകമാകുമ്പോൾ ഇതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾക്ക് രാജ്യത്തും വിദേശങ്ങളിലും കുറവ് അനുഭവപ്പെടുകയാണെങ്കിൽ സഊദി വികസിപ്പിച്ച സംവിധാനം ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ലബോറട്ടറികളിൽ ഉപയോഗിക്കുന്നതിനുള്ള ഡയഗ്നോസ്റ്റിക് പരിശോധനയ്ക്കായി പ്രൈമറുകൾ നിർമ്മിക്കാൻ ആശുപത്രിയും ഗവേഷണ കേന്ദ്രവും തയ്യാറാണെന്നും വാണിജ്യപരമായ കുറവുകൾ നേരിടാൻ ജിസിസിയിലെ ലാബുകളുമായി പ്രോട്ടോക്കോൾ പങ്കിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."