പഞ്ചാബില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം; മനസുതുറക്കാതെ മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: പഞ്ചാബിലെയും കേന്ദ്രതലത്തിലെയും മുതിര്‍ന്ന നേതാക്കള്‍ ക്ഷണിക്കുമ്പോഴും സംസ്ഥാനത്തുനിന്ന് ജനവിധി തേടുന്നതിന് സമ്മതമറിയിക്കാതെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അമൃത്‌സര്‍ സീറ്റില്‍നിന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം ശക്തമായ സമ്മര്‍ദമാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ നടത്തുന്നത്. അമൃത്‌സറില്‍നിന്ന് മത്സരിക്കണമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ടുതവണ പ്രധാനമന്ത്രിയായ 86 കാരനായ മന്‍മോഹന്‍ സിങ് അനുകൂലമായ തീരുമാനം അറിയിച്ചിട്ടില്ല. ഇതാദ്യമായിട്ടല്ല മന്‍മോഹന്‍ സിങ്ങിനോട് മത്സരിക്കണമെന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്.
2009ലെ തെരഞ്ഞെടുപ്പ് സമയത്തും അദ്ദേഹത്തിനോട് ഈ അവശ്യം ഉന്നയിച്ചിരുന്നെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മത്സരത്തില്‍നിന്ന് വിട്ടുനിന്നിരുന്നു. 2014ല്‍ അമൃത്‌സറില്‍നിന്ന് ബി.ജെ.പിക്കുവേണ്ടി മത്സരിച്ചിരുന്നത് അരുണ്‍ ജെയ്റ്റ്‌ലി ആയിരുന്നു. അമരിന്ദര്‍ സിങിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
1991 മുതല്‍ അസമില്‍നിന്നാണ് മന്‍മോഹന്‍ സിങ് രാജ്യസഭാ അംഗമായി പാര്‍ലമെന്റില്‍ എത്തിയത്. ഈ വര്‍ഷം ജൂണ്‍ 14ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. ഒരിക്കല്‍പോലും അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിട്ടില്ല.
1999ല്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയിലെ വി.കെ മല്‍ഹോത്രയോട് പരാജയപ്പെടുകയും ചെയ്തു.
അസമില്‍ നിന്നുള്ള രാജ്യസഭാംഗമായി അടുത്ത തവണ വിജയിക്കാന്‍ മന്‍മോഹന്‍ സിങ്ങിന് സാധിച്ചേക്കില്ല. കോണ്‍ഗ്രസിനു മതിയായ അംഗബലമില്ലാത്തതാണ് ഇതിനു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."