ഭാര്യയില്‍നിന്നു പണം കൈക്കലാക്കാന്‍ നടത്തിയ ബന്ദിനാടകം പൊളിഞ്ഞു; ഏഷ്യക്കാരനടക്കം രണ്ടു പേര് പൊലിസ് പിടിയില്‍
യാദ്: സഊദി ഭാര്യയില്‍നിന്ന് ഒരു മില്യണ്‍ റിയാല്‍ കൈക്കലാക്കാനായി നടത്തിയ വിദേശിയുടെ നാടകം പൊളിഞ്ഞു. വിദേശിയുള്‍പ്പെടെ പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു പേര് പൊലിസ് പിടിയിലുമായി.
സഊദിയിലാണ് ഭര്‍ത്താവ് ബന്ദി നാടകം ഒരുക്കിയത്. ഭര്‍ത്താവിനെ ബന്ദിയാക്കി ഭാര്യയെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഭാര്യ പൊലിസില്‍ വിവരമറിയിച്ചതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.
തോക്കുകളും കത്തികളുമായി വീട്ടില്‍ അതിക്രമിച്ചുകയറിയ രണ്ടംഗ സംഘം ഭര്‍ത്താവിനെ ബന്ദിയാക്കിയതായി സ്വദേശി യുവതി പൊലിസ് കണ്ട്രോള് റൂമില്‍ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. തങ്ങളുടെ പക്കല്‍ ബെല്‍റ്റ് ബോംബുണ്ടെന്നും ഒരു മില്യണ്‍ റിയാല്‍ കൈമാറിയില്ലെങ്കില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും പറഞ്ഞ് സംഘം യുവതിയെ ഭീഷണിപ്പെടുത്തി.
യുവതിയുടെ മൊബൈല്‍ കോള്‍ കേന്ദ്രീകരിച്ചു പൊലിസ് സ്ഥലം കണ്ടെത്തി. ദമ്പതികളുടെ വീട്ടില്‍ കയറി സായുധ സംഘത്തെ കീഴടക്കി. ഇതിനിടെ പൊലിസുകാരെ ചെറുക്കുന്നതിനും ഓടിരക്ഷപ്പെടുന്നതിനുമുള്ള പ്രതികള്‍ വിഫല ശ്രമവും നടത്തി.
സംഘത്തില്‍ ഒരാള്‍ അറബ് വംശജനും രണ്ടാമന് ഏഷ്യന്‍ വംശജനുമാണ്. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ബന്ദി നാടകത്തിനു പിന്നില്‍ പരാതിക്കാരിയുടെ ഭര്‍ത്താവായ അറബ് വംശജന് തന്നെയാണെന്ന് വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."