HOME
DETAILS
MAL
ഉത്തമ കുടുംബിനികള്‍
backup
May 17 2020 | 05:05 AM
കുടുംബം സന്തോഷദായകമായ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രധാന ഘടകമാണ്. അത് ദൈവിക സ്ഥാപനമാണെന്നാണ് ഖുര്‍ആനിക ഭാഷ്യം. അതിരുകളില്ലാത്ത സ്‌നേഹവായ്പുകളുടെയും പങ്കുവയ്ക്കലുകളുടെയും ഇടം കൂടിയാണ്. ജീവിതവും സംസ്‌കാരവും വ്യക്തിത്വവുമെല്ലാം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ കുടുബ പശ്ചാത്തലങ്ങള്‍ക്കു നിര്‍ണായക സ്ഥാനവുമുണ്ട്.
മനുഷ്യോല്‍പത്തിയോളം പാരമ്പര്യമുള്ള പവിത്രമായ ബന്ധമാണ് കുടുംബ ബന്ധം. കുടുംബം എന്നാല്‍ കൂടെയുള്ളത് എന്നാണര്‍ഥമെങ്കിലും കൂടുമ്പോള്‍ ഇമ്പമുള്ളത് എന്നതാണ് പൊതുവെ വിവക്ഷിക്കാറുള്ളത്.
സന്തുഷ്ട ജീവിതമാണ് കുടുംബസംവിധാനത്തിലൂടെ നാം ആഗ്രഹിക്കുന്നത്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന കുടുംബ പ്രക്രിയയിലെ പ്രധാന റോള്‍ വഹിക്കേണ്ടത് കുടുംബിനിയാണ്. വീട്ടകങ്ങളില്‍ ഇസ്‌ലാമികാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിലും സന്താനങ്ങളെ സംസ്‌കാര സമ്പന്നരാക്കുന്നതിലും കുടുംബിനികള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്.
അവര്‍ മതഭക്തയള്ളവളും സദ്‌വൃത്തയുമാകണമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. 'ഈ ലോകം മുഴുവനും വിഭവങ്ങളാണ്. അതില്‍ ഏറ്റവും നല്ല വിഭവം സദ്‌വൃത്തയായ സ്ത്രീയാണ്'(മുസ്‌ലിം). 'ആര്‍ക്കെങ്കിലും ദിക്‌റ് ഉരുവിടുന്ന നാവും നന്ദിയുള്ള ഹൃദയവും പരീക്ഷണങ്ങളില്‍ ക്ഷമിക്കുന്ന ശരീരവും സദ് വൃത്തയായ ഒരു ഭാര്യയും അല്ലാഹു നല്‍കിയാല്‍ അവന്റെ അനുഗ്രഹങ്ങള്‍ പൂര്‍ത്തിയായി (തുര്‍മുദി, ഇബ്‌നുമാജ, അഹ്മദ്).
ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന കുടുംബ സംവിധാനം ക്രിയാത്മകവും സര്‍ഗാത്മകവുമായി മുന്നോട്ടുകൊണ്ടുപോകേണ്ടതില്‍ കുടുംബിനികള്‍ ബദ്ധശ്രദ്ധരാവേണ്ടതുണ്ട്. ഭര്‍ത്താവിനെ അനുസരിക്കുകയും ബഹുമാനിക്കുകയും അവന്റെ സംതൃപ്തിയും സന്തോഷവും ഉറപ്പുവരുത്തുകയുമാണ് ഓരോ കുടുംബിനിയുടെയും പ്രഥമ കര്‍ത്തവ്യം. എന്നാല്‍ കുടുംബത്തിന്റെ ഭരണനിര്‍വഹണം, സംരക്ഷണ ചുമതല എന്നിവ ഭര്‍ത്താവിന്റെ ഉത്തരവാദിത്വവുമാണ്. ഭര്‍തൃതാത്പര്യങ്ങള്‍ മനസ്സിലാക്കി അനുസരിച്ചു ജീവിക്കാന്‍ കുടുംബിനികള്‍ ബാധ്യസ്ഥരാണ്. ഭര്‍ത്താവും മക്കളും അവരുടെ മാതാപിതാക്കളും സഹോദര സഹോദരിമാരുമെല്ലാം അടങ്ങുന്ന ഒരു കുടുംബത്തെ സന്തോഷസംതൃപ്തിയോടെ മുന്നോട്ടുകൊണ്ടുപോകേണ്ട വലിയ ഉത്തരവാദിത്വവും കുടുംബിനികള്‍ക്കാണ്. സ്രഷ്ടാവിനെ അല്ലാതെ മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യുന്നത് അനുവദനീയമാക്കുകയാണെങ്കില്‍ സ്ത്രീകളോട് അവളുടെ ഭര്‍ത്താവിന് സാഷ്ടാംഗം ചെയ്യാന്‍ കല്‍പിക്കുമായിരുന്നു എന്നാണ് തിരുവചനം.
സ്ത്രീ അഞ്ചുനേരം നമസ്‌കരിക്കുകയും റമദാന്‍ നോമ്പനുഷ്ഠിക്കുകയും ലൈംഗികാവയവം കാത്തുസൂക്ഷിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ സ്വര്‍ഗീയ കവാടങ്ങളില്‍ ഇഷ്ടമുള്ളതിലൂടെ പ്രവേശിക്കാന്‍ അവളോട് ആജ്ഞാപിക്കും (ത്വബ്‌റാനി). സ്‌നേഹ സമ്പന്നയായ മാതൃകാ ദാമ്പത്യത്തിന്റെ വലിയ ഉദാഹരണമാണ് പ്രവാചക പത്‌നി ഖദീജ (റ). നബി തിരുമേനി ഹിറാ ഗുഹയില്‍ ഏകാന്തവാസം നടത്തിയിരുന്ന കാലം. ജിബ്‌രീല്‍ (അ) കടന്നുവരികയും ദിവ്യസന്ദേശത്തിന്റെ അവതരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പുതിയ അനുഭവം മൂലം ഭയവിഹ്വലനായി വീട്ടിലെത്തിയ പ്രവാചകന് സമാശ്വാസവും ആത്മബലവും നല്‍കി പ്രിയ പത്‌നി ഖദീജാ ബീവി പകര്‍ന്ന സ്വാന്തനവാക്കുകള്‍ ശ്രദ്ധേയമാണ്. ' ഇല്ല, അങ്ങയെ നാഥന്‍ കൈയൊഴിയുകയില്ല. അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം പറയുന്നു. വിശ്വസ്ത പുലര്‍ത്തുന്നു. അഗതികളെ സംരക്ഷിക്കുന്നു. അതിഥി സത്കാരം നടത്തുന്നു. ആപത്ത് വേളയില്‍ സ്വാന്തനം നല്‍കുന്നു'.പ്രതിസന്ധികളും പ്രയാസങ്ങളും വിരിഞ്ഞുമുറുക്കിയപ്പോഴെല്ലാം മാനസികവും ശാരീരികവും സാമ്പത്തികവുമായ ആത്മബലം നല്‍കി പ്രവാചകന് കൂട്ടുനിന്നത് പ്രിയ പത്‌നി ഖദീജ ബീവി(റ)യായിരുന്നു.കുടുംബകം ആനന്ദദായകമാക്കാന്‍ വേണ്ട പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് ഭാര്യമാരില്‍ നിന്നുണ്ടാവേണ്ടത്. ഭര്‍ത്താക്കന്മാര്‍ക്ക് പിന്തുണയും ആത്മസംതൃപ്തിയും പകരാന്‍ കുടുംബിനികള്‍ക്കു സാധിക്കണം. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍, അഭിരുചികള്‍, താത്പര്യങ്ങള്‍ എന്നിവ മനസിലാക്കി അവ നിറവേറ്റാന്‍ ഭാര്യമാര്‍ ശ്രമിക്കേണ്ടതുണ്ട്. സന്താന പരിപാലനം കേവലം കടമ എന്നതിലപ്പുറം കൃത്യമായ ആസൂത്രണങ്ങളുമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണം. സന്തോഷങ്ങളിലും സന്താപങ്ങളിലും അവര്‍ക്ക് കൂട്ടുനില്‍ക്കുകയും വേണം. പരാതികളും വേവലാതികളും കഷ്ടതകളും മാത്രം പങ്കുവച്ച് അവരെ അസ്വസ്ഥരാക്കരുത്. ഭര്‍ത്താവ് സുസ്ഥിതിയിലാവുമ്പോള്‍ അവസരോചിതമായി ഇടപെടാന്‍ ഭാര്യമാര്‍ പക്വത കാണിക്കണം. സ്വന്തം മകന്റെ ആകസ്മിക മരണ വിവരം, ക്ഷീണിതനായ തന്റെ പ്രിയതമനെ ഉടനെ അറിയിക്കാതെ, ഭക്ഷണവും വിശ്രമവും വികാരപൂര്‍ത്തീകരണവും കഴിഞ്ഞ് മനസ്സ് ശാന്തമായതിനു ശേഷം തന്ത്രപൂര്‍വം അറിയിച്ച അബൂത്വല്‍ഹ (റ)യുടെ സഹധര്‍മിണി ഉമ്മുസുലൈം എന്ന മാതൃകാ മഹിളയുടെ ജീവിതപാഠങ്ങളാണ് നമുക്ക് ഊര്‍ജം പകരേണ്ടത്.
സ്ത്രീകളുടെ സൃഷ്ടിപരവും അവസരോചിതവുമായ ഇടപെടലുകള്‍ മൂലം ജീവിതത്തില്‍ വിജയം വരിച്ച നിരവിധി പേര്‍ ചരിത്രങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. സഹധര്‍മിണിയുടെ ബുദ്ധിപൂര്‍വമായ പെരുമാറ്റവും പ്രോത്സാഹനവും മൂലം ലക്ഷ്യസ്ഥാനം നേടിയെടുക്കല്‍ അവര്‍ക്ക് നിഷ്പ്രയാസമായിരുന്നു. അതേസമയം ഭാര്യമാരുടെ പെരുമാറ്റ വൈകൃതം മൂലം നിരവധി പ്രതിഭാ സമ്പന്നന്മാര്‍ക്ക് ജീവിതത്തില്‍ കാലിടറിയിട്ടുമുണ്ട്. വ്യത്യസ്ത കുടുംബ സാഹചര്യങ്ങളില്‍ ജീവിച്ച ഇരുമെയ്യുകള്‍ പരസ്പരം വേര്‍പെടുത്താനാവാത്തവിധം ചേര്‍ന്നുനില്‍ക്കുന്നതിന്റെ പ്രധാന ഘടകം അവര്‍ തമ്മിലുള്ള കറകളഞ്ഞ സ്‌നേഹവും അനുഭൂതിയും പരസ്പര വിശ്വാസവുമാണ്. 'ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്രേ. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട്, തീര്‍ച്ച' ( വി.ഖു 30:21).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."