ഡിസ്‌പോസിബിള്‍ ഫ്രീ മഴക്കാലപൂര്‍വ ക്യാംപയിന്‍; വാര്‍ഡുതല സമിതികള്‍ 24 നകം
ആലപ്പുഴ: മുന്‍വര്‍ഷങ്ങളിലെ മഴക്കാലപൂര്‍വ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ഇക്കുറി ഡിസ്‌പോസിബിള്‍ ഫ്രീ മഴക്കാലപൂര്‍വ ക്യാംപയിനാകുന്നു.
പൊതുനിരത്തുകളിലും പറമ്പുകളിലും ഓടകളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യമുള്‍പ്പടെയുള്ളവയുടെ വ്യാപനം കുറക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതും കത്തിക്കുന്നതും പകര്‍ച്ചവ്യാധികള്‍ കൂട്ടുന്നുണ്ടെന്ന പഠനത്തിന്റെ വെളിച്ചത്തിലാണ് ഇക്കൊല്ലത്തെ മഴക്കാല പൂര്‍വ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നത്.
ജില്ലയില്‍ തദ്ദേശഭരണസ്ഥാപനങ്ങളില്‍ വാര്‍ഡുതലം വരെയുള്ള ആരോഗ്യ ശുചിത്വ സമതികള്‍ ഈ മാസം 24നകം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി ജില്ലാതലത്തില്‍ തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വകുപ്പുതല ജില്ല ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള ജില്ലാതല ശില്പശാല ഈ മാസം 18ന് നടത്തും. ബ്ലോക്ക്തലത്തില്‍ 20നകവും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 21 നകവും ശില്പശാലകള്‍ സംഘടിപ്പിക്കും.
ആരോഗ്യവകുപ്പും തദ്ദേശഭരണവകുപ്പും ചേര്‍ന്ന് എല്ലാതലങ്ങളിലും സംഘടിപ്പിക്കുന്ന സുരക്ഷിത ശുചീകരണ മാലിന്യപരിപാലന പ്രവര്‍ത്തനം വിപുലമാക്കും. എല്ലാ വാര്‍ഡിലും സാനിട്ടേഷന്‍ സമതിയുടെ നേതൃത്വത്തില്‍ ആരോഗ്യ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, സന്നദ്ധസംഘടനകള്‍, റസിഡന്റസ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ എന്നിവരെ സഹകരിപ്പിച്ചാണ് ക്യാംപയില്‍ നടത്തുക.
വാര്‍ഡുതല പ്രവര്‍ത്തനം ഓേേരാ ആഴ്ചയിലും വാര്‍ഡുതല സമതികള്‍ അവലോകനം ചെയ്ത് തദ്ദേശഭരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം. രണ്ടാഴ്ചയിലൊരിക്കല്‍ ഓരോ തദ്ദേശഭരണ സ്ഥാപനതലത്തിലും അവലോകനം ചെയ്യും. ജില്ല ആസൂത്രണ സമിതി ഇതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. കലക്ടര്‍ ജില്ലാതലത്തില്‍ ഒരു പരിശോധന സംഘത്തെ രൂപീകരിച്ച് തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നടപടി സ്വീകരിക്കും.
ആഴ്ചയിലൊരു ദിവസം ഡ്രൈഡ്രേ ആചരിക്കും. വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും ശനിയാഴ്ചകളില്‍ ഓഫിസ് തലത്തിലും ഞായറാഴ്ചകളില്‍ പൊതുയിടങ്ങളിലും വീടുകളിലുമായിരിക്കും ഡ്രൈഡേ. ഈ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുന്നതിന് വാര്‍ഡംഗങ്ങള്‍ വകുപ്പുകളിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ സംഘങ്ങളെ നിയോഗിക്കും.
ഗ്രാമപഞ്ചായത്ത്തലത്തില്‍ പ്രസിഡന്റ് അധ്യക്ഷനും മെഡിക്കല്‍ ഓഫിസര്‍ കണ്‍വീനറുമായുള്ള സമതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
മുന്‍സിപ്പല്‍ തലത്തില്‍ ചെയര്‍മാന്‍ അധ്യക്ഷനും ആരോഗ്യസമതി ചെയര്‍മാന്‍ സഹ-അധ്യക്ഷനും മെഡിക്കല്‍ ഓഫിസര്‍ കണ്‍വീനറുമാരും. സന്നദ്ധ പ്രവര്‍ത്തകരെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം അതത് തദ്ദേശഭരണ സഥാപനത്തിനുണ്ട്. വാര്‍ഡുതല സമതികളും ഈയടിസ്ഥാനത്തിലാകും. ജില്ലാതലത്തില്‍ കലക്ടര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സമതി പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് നടപ്പാക്കും. തദ്ദേശഭരണ , ആരോഗ്യ, വിദ്യാഭ്യാസ, കൃഷി, സാമൂഹികനീത, മൃഗസംരക്ഷണം, ക്ഷീരവികസന, പൊതുമരാമത്ത്, ഇറിഗേഷന്‍, ജലവിഭവ, തൊഴില്‍ജല, ഫിഷറീസ്, വകുപ്പുകള്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ എന്നിവയ്ക്കാണ് വിവിധ ഉത്തരവാദിത്തങ്ങള്‍ എല്‍പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."