വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ തലപ്പത്ത് കോഴിക്കോട്ടുകാര്‍
കോഴിക്കോട്: കൊല്ലത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം സെക്രട്ടറിയായി സച്ചിന്‍ ദേവിനെ തെരഞ്ഞെടുത്തതോടെ മൂന്ന് പ്രമുഖ വിദ്യാര്‍ഥി സംഘടനകളെ നയിക്കുന്നത് ജില്ലയില്‍ നിന്നുള്ളവരായി. എസ്.എഫ്.ഐക്ക് പുറമേ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് എന്നിവരാണ് വിദ്യാര്‍ഥി സംഘടനകളുടെ ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍. സച്ചിന്‍ ദേവ് നെല്ലിക്കോടും മിസ്ഹബ് കൊയിലാണ്ടി കീഴരിയൂരും അഭിജിത്ത് അത്തോളി സ്വദേശിയുമാണ്.
പ്രായപരിധി മാനദണ്ഡം നിര്‍ബന്ധമാക്കിയതോടെയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായ സച്ചിന്‍ദേവിന് എസ്.എഫ്.ഐ ഭാരവാഹിത്വത്തിലെത്താനുള്ള വഴി തുറന്നത്. 25 വയസില്‍ കൂടുതലുള്ള മുഴുവന്‍ ഭാരവാഹികളെയും കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ ഒഴിവാക്കിയിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനും കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അഭിജിത്തിനെ കഴിഞ്ഞ വര്‍ഷം നടന്ന സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അഭിജിത്തും സച്ചിന്‍ദേവും മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജില്‍ ഒരേ കാലയളവില്‍ പഠിച്ചിറങ്ങിയവരാണെന്ന പ്രത്യേകതയുമുണ്ട്. 2016ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് മിസ്ഹബ് കീഴരിയൂര്‍ എം.എസ്.എഫിന്റെ സംസ്ഥാന ഭാരവാഹിത്വം ഏറ്റെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."