കീഴ്‌ക്കോടതി പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
കൊച്ചി: കീഴ്‌ക്കോടതി പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോടതിയിലും പരിസരങ്ങളിലും ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പെടെ 10 പേരില്‍ കൂടുതല്‍ ഒരേ സമയത്ത് ഉണ്ടാകാന്‍ പാടില്ല. കോടതി ഹാളില്‍ 10 കസേരയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. അഭിഭാഷകരുടെയും കക്ഷികളുടെയും സൗകര്യാര്‍ഥം രാവിലെയും ഉച്ചയ്ക്കുശേഷവും വിളിക്കുന്ന കേസുകളുടെ സമയക്രമം നേരത്തെതന്നെ പ്രസിദ്ധപ്പെടുത്തണം. കോടതി കോമ്പൗണ്ടില്‍ അഭിഭാഷകരുടെയും ഗുമസ്തന്‍മാരുടെയും കക്ഷികളുടെയും ഏറ്റവും കുറഞ്ഞ എണ്ണം മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. ഇക്കാര്യത്തിന് അതാത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ സഹായവുമുണ്ടാവണം. കൊവിഡ് 19ന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളുള്ളതിനാല്‍ ഏതെങ്കിലും കേസില്‍ അഭിഭാഷകരോ കക്ഷികളോ ഹാജരായില്ലെന്ന കാരണത്താല്‍ എതിര്‍കക്ഷിക്കെതിരേ ഏകപക്ഷീയമായ വിധികളോ കടുത്ത നടപടികളോ സ്വീകരിക്കരുത്. സുപ്രിംകോടതിയുടെ മാനദണ്ഡമനുസരിച്ച് വിഡിയോ കോണ്‍ഫറന്‍സ് വഴിയാക്കാവുന്ന വിചാരണാനടപടികള്‍ ആകാവുന്നതാണ്. റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും ലോക്ക് ഡൗണ്‍ കാലയളവിലെ നടപടികള്‍ തുടരാവുന്നതാണ്.
ജില്ലാ കോടതിയുടെ വെബ്‌സൈറ്റില്‍ അതാത് ദിവസങ്ങളിലെ കേസ് പട്ടിക പ്രസിദ്ധപ്പെടുത്തണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കാവുന്നതാണ്. ഇക്കാര്യം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ഇത്തരത്തില്‍ നടപടി സ്വീകരിച്ച കോടതികളുടെ പ്രവര്‍ത്തനം പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരമായിരിക്കും നടക്കുക. അഭിഭാഷകര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ സിവില്‍ കോടതികളില്‍ കക്ഷികള്‍ ഹാജരാവണമെന്ന് നിര്‍ദേശിക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോടതിമുറിക്കുള്ളിലും പുറത്തും അഭിഭാഷകരെയും കക്ഷികളെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന തരത്തിലുള്ള കേസുകള്‍ മാത്രമേ ഓരോ ദിവസവും പരിഗണിക്കാവൂ. മറ്റു ദിവസത്തേക്ക് മാറ്റിയ കേസുകള്‍ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാല്‍ പരിഗണിക്കണം. ഓരോ ആഴ്ചയുടെയും അവസാന ദിവസം അടുത്ത ആഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടിക അതാത് ബാര്‍ അസോസിയേഷനുകളിലും കോടതി നോട്ടിസ് ബോര്‍ഡിലും പ്രസിദ്ധപ്പെടുത്തണം. അഞ്ചുവര്‍ഷം വരെ പഴക്കമുള്ള കേസുകള്‍ക്കും മേല്‍ക്കോടതി സമയബന്ധിതമായി തീര്‍ക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ള കേസുകള്‍ക്കും മുന്‍ഗണന നല്‍കണം. ഇടക്കാല ഉത്തരവുകള്‍ ആവശ്യമുള്ള പുതിയ കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേകം സമയം നിശ്ചയിച്ച് നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."