തെരഞ്ഞെടുപ്പിനെത്തുന്ന പ്രവാസികളുടെ കീശ ചോരും
#അശ്‌റഫ് കൊണ്ടോട്ടി
വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു
കൊണ്ടോട്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പറന്നിറങ്ങാന്‍ പ്രവാസികള്‍ വലിയ വിലനല്‍കേണ്ടിവരും. വേനലവധി മുന്‍നിര്‍ത്തി ഗള്‍ഫ് ടിക്കറ്റ് നിരക്കുകള്‍ വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടുന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്.
ഈ മാസം 25 മുതല്‍ ഗള്‍ഫ് സെക്ടറിലേക്കുള്ള നിരക്കുകളാണ് കുത്തനെ വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ ആദ്യവാരം ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്കുകളിലും വര്‍ധനയുണ്ടാകും. ഏപ്രില്‍ മുതല്‍ കേരളത്തിലെ സ്‌കൂളുകള്‍ അടക്കുന്നതോടെ ഗള്‍ഫിലേക്ക് പോകുന്ന കുടുംബങ്ങളുടെ തിരക്കായിരിക്കും. മെയ് ആദ്യവാരം റമദാന്‍ നോമ്പ് തുടങ്ങുന്നത് ഉള്‍പ്പെടെ മുന്‍നിര്‍ത്തിയാണ് ഗള്‍ഫില്‍നിന്ന് നാട്ടിലേക്കുള്ള നിരക്കുകളും വര്‍ധിപ്പിക്കുന്നത്.
കരിപ്പൂരില്‍നിന്ന് ദുബൈയിലേക്ക് 5,000 വരെയുള്ള നിലവിലെ നിരക്കിന് പകരം 18,000 രൂപവരെ നല്‍കേണ്ട അവസ്ഥയാണ്. ഷാര്‍ജ, അബൂദബി മേഖലയിലേക്കും നിലവിലെ നിരക്കിന്റെ മൂന്നിരട്ടി നല്‍കണം. ജിദ്ദയിലേക്ക് നിലവില്‍ 15,500 രൂപയുള്ളത് 26,000 ആയി ഉയര്‍ത്തി. റിയാദിലേക്ക് 12,400 രൂപയില്‍നിന്ന് 24,000 രൂപയിലേക്കും ദമാമിലേക്ക് 22,000 രൂപയായും ഉയര്‍ന്നു. ദോഹ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്കും നിലവിലെ നിരക്കിനെക്കാള്‍ 5,000 മുതല്‍ 10,000 വരെ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് മാത്രമല്ല ഇഷ്ട പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളുടെ പര്യടനത്തില്‍ പങ്കെടുക്കാനും കൂടിയാണ് പ്രവാസികളില്‍ മിക്കവരും ഈ അവധിക്ക് നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്നത്. സീസണ്‍ സമയവും തെരഞ്ഞെടുപ്പ് കാലവും ഒത്തുവന്നതാണ് വിമാനക്കമ്പനികള്‍ക്ക് ചാകരയായത്.
നിരക്ക് ഉയരുമ്പോഴും വിമാനങ്ങളില്‍ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഏപ്രില്‍ ആദ്യവാരങ്ങളിലാണ് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുള്ളത്. വലിയ വിമാനങ്ങള്‍ മുതല്‍ ബജറ്റ് എയര്‍ലൈനുകള്‍ വരെ നിരക്ക് ഉയര്‍ത്തിയത് പ്രവാസികള്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."