കാട്ടാന ഭീതിയൊഴിയാതെ ആറളം ഫാം
കണ്ണൂര്‍: കാട്ടാനഭീതിയൊഴിയാതെ ആറളം ഫാമിലെ ആദിവാസി പുനരധിവാസ കേന്ദ്രങ്ങള്‍. കഴിഞ്ഞദിവസം ആറളംഫാമിലെ ഏഴ്, പത്ത് ബ്ലോക്കില്‍ തമ്പടിച്ച കാട്ടാനകളാണ് ഇതുവരെ വനത്തിലേക്കു മടങ്ങാത്തത്. ഇതേതുടര്‍ന്നു പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളോടു രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുതെന്നു വനംവകുപ്പ് നിര്‍ദേശം നല്കി.
ആറളത്തെ ബ്ലോക്കുകളില്‍ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്കു തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ മുതല്‍ ശ്രമം തുടര്‍ന്നെങ്കിലും വിജയിച്ചില്ല. വനത്തിലേക്കു തുരത്താന്‍ പുറപ്പെട്ട വനം ഉദ്യോഗസ്ഥര്‍ക്കു നേരേ കാട്ടാനകള്‍ തിരിഞ്ഞതോടെ ഉച്ചയ്ക്കു 2.30ഓടെ ശ്രമം അവസാനിപ്പിക്കുകയായിരുന്നു. തളിപ്പറമ്പ് ആര്.ആര്.ടിയിലെയും ആറളം വന്യജീവി സങ്കേതം കീഴ്പള്ളി സെക്ഷനിലെ ഉദ്യോഗസ്ഥരുമടക്കം 26 അംഗ വനംവകുപ്പ് സംഘമാണു കാട്ടാനകളെ തുരത്താനുണ്ടായിരുന്നത്.
കഴിഞ്ഞ അഞ്ചിനു ആറളംഫാമിലെ കൈതച്ചക്ക തോട്ടത്തിലെ സൂപ്പര്‍വൈസര്‍ കരിക്കോട്ടക്കരി വാളത്തോട്ടെ റെജി ഏബ്രഹാമിനെ കാട്ടാന കുത്തിക്കൊന്നിരുന്നു. രാത്രി തോട്ടത്തിനു സമീപം എത്തിയ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കവെയായിരുന്നു ആക്രമണം. രണ്ടുമാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ ആറളം മേഖലയില്‍ നാലുപേരാണു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."