ബാങ്കുവിളി വിലക്ക് തടഞ്ഞ് അലഹബാദ് ഹൈക്കോടതി; ഉച്ചഭാഷിണിയില്‍ വേണ്ടെന്നും കോടതി
ലഖ്‌നൗ: ലോക്ക്ഡൗണ്‍ സമയത്ത് ഉത്തര്‍പ്രദേശിലെ ചില ജില്ലകളിലെ പള്ളികളില്‍ ബാങ്കുവിളി വിലക്കിയ നടപടി തള്ളി അലഹബാദ് ഹൈക്കോടതി. ഇസ്‌ലാം മതത്തിന്റെ അവിഭാജ്യ ഘടകമാണ് ബാങ്കുവിളിയെന്ന് നിരീക്ഷിച്ച കോടതി അതേസമയം ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചു.
'പള്ളിയില്‍ ഒരു ഇമാമോ മുഅദ്ദിനോ മറ്റ് അധികാരപ്പെട്ട ആളോ ഉച്ചഭാഷിണിയില്ലാതെ ബാങ്ക് വിളി നടത്തുന്നതും മുസ്‌ലിംകളോട് പള്ളിയില്‍ വരാതെ പ്രാര്‍ത്ഥന നടത്താന്‍ പറയുന്നതും എങ്ങനെയാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളുടെ ലംഘനമാകുന്നതെന്ന് മനസ്സിലാകുന്നില്ല'- ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് ശശികാന്ത് ഗുപ്ത, അജിത്കുമാര്‍ എന്നിവരാണ് പരാതി പരിഗണിച്ചത്. ഒരാള്‍ക്ക് മറ്റൊരാളുടെ പ്രാഥമിക മനുഷ്യാവകാശങ്ങളെയും മൗലികാവകാശങ്ങളെയും ശല്യപ്പെടുത്താനോ നിര്‍ബന്ധിച്ച് കേള്‍പ്പിക്കാനോ അവകാശമില്ലെന്നു പറഞ്ഞാണ് ഉച്ചഭാഷിണി ഉപയോഗം കോടതി വിലക്കിയത്. അത് ഇസ്‌ലാമിലെ അവിഭാജ്യ ഘടകമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ബാങ്കുവിളി തുടരാനുള്ള അനുമതി നല്‍കണമെന്ന എം.പി അഫ്‌സല്‍ ഇന്‍സാരി, മുന്‍ നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദ്, അഭിഭാഷകരായ എസ്. വാസിം എ ഖാദ്രി എന്നിവര്‍ നല്‍കിയ പരാതിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍, ഫറൂഖാബാദ്, ഹര്‍ത്രാസ് ജില്ലാ ഭരണകൂടങ്ങള്‍ ബാങ്കുവിളി വിലക്കിയ നടപടിയെ ചോദ്യംചെയ്തുകൊണ്ടാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."