ബസുകള്‍ ഓടിത്തുടങ്ങി ഇനി ചുരം കയറാം ഇറങ്ങാം..!
കല്‍പ്പറ്റ: വയനാട് ചുരത്തില്‍ ഏര്‍പെടുത്തിയ ഗതാഗതം നിരോധനം ഏറെക്കുറെ പിന്‍വലിച്ചു.
ഇന്നലെ പുലച്ചെ മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ചെറുവാഹനങ്ങളും ഓടി തുടങ്ങി. ഇതോടെ ദിവസങ്ങളോളമുണ്ടായിരുന്ന യാത്രാക്ലേശത്തിന് ശമനമായി. കഴിഞ്ഞ പതിനഞ്ചിനാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് ചുരത്തില്‍ ഗതാഗതം നിരോധിച്ച് ഉത്തരവിറക്കിയത്. തകര്‍ന്ന ഭാഗത്ത് വീതി വര്‍ധിപ്പിച്ചാണ് ഗതാഗതത്തിന് താല്‍കാലിക സൗകര്യം ഒരുക്കിയത്. കെ.എസ്.ആര്‍.ടി.സി സര്‍വിസ് തുടങ്ങിയതോടെ സ്വകാര്യ ബസുകളും ഇന്നലെ സര്‍വിസ് ആരംഭിച്ചെങ്കിലും ലക്കിടിയില്‍ തടഞ്ഞു. ഇതോടെ തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളോടെ സ്വകാര്യ ബസുകളെ കൂടി കടത്തിവിടാന്‍ ധാരണയായി. ഞായറാഴ്ച മുതല്‍ ബസ് അടക്കമുള്ള യാത്രാ വാഹനങ്ങള്‍ കടത്തിവിടുന്നതിന് മുമ്പ് താമരശ്ശേരി ചുരത്തില്‍ ഇടിഞ്ഞ ഭാഗത്ത് താല്‍ക്കാലികമായി നിര്‍മിച്ച റോഡിലൂടെ കെ.എസ്.ആര്‍.ടി.സി ബസ് പരീക്ഷണ ഓട്ടം നടത്തിയതിന് ശേഷമാണ് ഗതാഗതത്തിന് തുറന്ന് നല്‍കിയത്. ഒറ്റവരിയായി ഇരുഭാഗത്തേക്കുമുള്ള ഗതാഗതം നിയന്ത്രിക്കാനാണ് തീരുമാനം. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ മള്‍ട്ടി ആക്‌സില്‍ ബസുകളും ഇതര സംസ്ഥാന സര്‍ക്കാരുകളുടെ യാത്രാ വാഹനങ്ങളും കടത്തിവിടും. ഇതര സംസ്ഥാന സര്‍ക്കാരുകളുടെ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും രാത്രി 10 മുതല്‍ രാവിലെ 6 വരെ കടത്തിവിടും. എന്നാല്‍ ചരക്ക് വാഹനങ്ങള്‍ക്ക് നിലവിലുള്ള നിരോധനം തുടരും. ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചുരം ബൈപ്പാസ് ഉപയോഗിക്കണം. ചുരത്തിലൂടെ യാത്ര ചെയ്യുന്നവര്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പരമാവധി പൊതു വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ചുരത്തില്‍ ഗതാഗത നിരോധനം ഏര്‍പെടുത്തിയതോടെ വയനാട്ടുകാരുടെ യാത്ര ദുഷ്‌കരമായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തിയാണ് ഗതാഗതത്തിന് സൗകര്യം ഒരുക്കിയത്. റോഡിന്റെ മുകള്‍ ഭാഗത്ത് താല്‍ക്കാലിക വഴിയുണ്ടാക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."