നബീലിന്റെ ഓര്‍മയില്‍ നീറങ്ങാട്ട് കുളത്തില്‍ നീന്തല്‍ മത്സരം
പളളിക്കല്‍: നബീലിന്റെ ഓര്‍മയില്‍ പള്ളിക്കല്‍ ബസാറില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നീറങ്ങാട്ട് കുളത്തില്‍ ജെ.സി.ഐ പള്ളിക്കല്‍ നീന്തല്‍ മത്സരം സംഘടിപ്പിച്ചു.
ഇന്നലെ മത്സരം സംഘടിപ്പിക്കപെട്ട ഇതേ കുളത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം 13 വയസുളള വിദ്യാര്‍ഥി മുങ്ങി മരിച്ചത്. പളളിക്കല്‍ ബസാര്‍ സ്വദേശി ചിറക്കല്‍ ഉസൈന്റെ മകന് മുഹമ്മദ്് നബീലിന്റെ ജീവനായിരുന്നു അന്ന് ഈ കുളത്തില്‍ പൊലിഞ്ഞു പോയത്. നബീലിന്റെ ഓര്‍മയിലെ ദു:ഖത്തിനിടയിലും ഇനിയൊരു ദുരന്തം ഇല്ലാതിരിക്കാന്‍ നീന്തല്‍ പഠിക്കണം എന്ന പ്രതിജ്ഞയില്‍ നാട്ടുകാര്‍ വലിയ ആവേശത്തോടെയാണ് മത്സരത്തെ എതിരേറ്റത്. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് മത്സരത്തില്‍ പങ്കെടുത്തു.
ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന ഉദ്ഘാടനം ചെയ്തു. കണിയാടത്ത് ബഷീര്‍ അധ്യക്ഷനായി. യോഗത്തില്‍ ടി. കുഞ്ഞഹമ്മദ്, ടി . റഫീക്ക്, ജോണ്സന് പുലിക്കോട്ടില്‍, നൗഷാദ് ശില്പി, എം.പി വിജയകുമാര്‍, നാസര്‍ കാവുപടി, സി.കെ സലീം സംസാരിച്ചു.നീന്തല്‍ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കാന്‍ പഞ്ചായത്തിന്റെ ഭഗത്ത് നിന്നും ശ്രമം ഉണ്ടാകണമെന്നും ഇതിനായി പഞ്ചായത്തിന്റെ അന്യാധീനപ്പെട്ട് കിടക്കുന്ന കുളങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തയാറാകണമെന്നും ഉദ്ഘാടനത്തിനെത്തിയ പ്രസിഡന്റനോട് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ ആവശ്യപ്പെട്ടു.
പഞ്ചായത്ത് അതിനായി സമഗ്ര പദ്ധതി ആവിഷ്കരിക്കാന്‍ ഉദ്ധേശിക്കുന്നതായ് പ്രസിഡന്റ് മറുപടി നല്കി. മത്സരത്തില്‍ അന്‍വര്‍ പളളിക്കല്‍ ഒന്നാം സ്ഥാനവും ടി ഹമീദ് രണ്ടാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."