കാലിഫോർണിയയില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം: നാലു മരണം, ഇന്ത്യന്‍ ഡ്രൈവര്‍ അറസ്റ്റില്‍
കലിഫോര്‍ണിയ: ഡ്രൈവര്‍ മദ്യ ലഹരിയില്‍ വാഹനമോടിച്ചു നിയന്ത്രണം വിട്ടു മറ്റൊരു വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു യുവാക്കളും ഒരു യുവതിയും മരിച്ചു. മേയ് 14 നു രാത്രിയായിരുന്നു സംഭവം. ഇന്ത്യന്‍ വംശജനായ റബി കുമാര്‍ ഖന്ന ഓടിച്ചിരുന്ന 2005 ഡോഡ്ജ് ഡുറാന്‍ഗൊ കലിഫോര്‍ണിയ സ്റ്റേറ്റ് റൂട്ട് 85 ല്‍ നിയന്ത്രണം വിട്ട് ആറുപേര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിരവധി തവണ കീഴ്‌മേല്‍ മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന 25, 26 ഉം വയസ്സുള്ള മൂന്നു യുവാക്കളും 25 വയസ്സുള്ള ഒരു യുവതിയുമാണു മരിച്ചത്. മറ്റു രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തേക്ക് തെറിച്ചു വീണ രണ്ടു പേര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് സിഎച്ച്പി ഓഫിസര്‍ മൈക്ക് സക്കമോട്ട പറഞ്ഞു.
ഡോഡ്ജ് വാഹനം ഓടിച്ചിരുന്ന ഖന്ന (26) മയക്കുമരുന്നും ആല്‍ക്കഹോളും ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും മൈക്ക് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസ്സെടുത്തിട്ടുണ്ട്. അമിത വേഗതയും അപകടത്തിന് കാരണമായതായി മൈക്ക് കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ വിവരം അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുമാര്‍ ഖന്നക്ക് അറ്റോര്‍ണി ഉള്ളതായി അറിയില്ലെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."