ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജി തുടരുന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇന്നലെ ജാംനഗര്‍ റൂറല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വല്ലഭ് ധാരാവിയ രാജിവച്ചതോടെ കഴിഞ്ഞ നാലുദിവസങ്ങള്‍ക്കുള്ളില്‍ രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം മൂന്നായി.
എം.എല്‍.എ സ്ഥാനം രാജിവച്ചുകൊണ്ട് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് അദ്ദേഹം ഇന്നലെ രാജി സമര്‍പ്പിച്ചു. അഹമ്മദാബാദില്‍ എ.ഐ.സി.സി പ്രവര്‍ത്തക സമിതി യോഗം നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കുമ്പോഴാണ് എം.എല്‍.എമാര്‍ രാജിവയ്ക്കുന്നത്.
രാജിവച്ചവരെല്ലാം ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. ധാരാവിയ രാജിവച്ചതിന് തൊട്ടുമന്‍പ് പര്‍സോത്തം സബാരിയ മാര്‍ച്ച് എട്ടിന് രാജി നല്‍കുകയും പിന്നീട് ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളായ ഐ.കെ ജഡേജ, കെ.സി പട്ടേല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പര്‍സോത്തം ബി.ജെ.പിയില്‍ ചേര്‍ന്നത്. ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പര്‍സോത്തം സബാരിയയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹത്തിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം നല്‍കിയത്.
അതേസമയം താന്‍ ബി.ജെ.പിയിലേക്ക് പോകുന്നതിന് ആ പാര്‍ട്ടിയില്‍ നിന്ന് ഒരുതരത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും താന്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തില്‍ തന്നെ മുഴുവന്‍സമയ പ്രവര്‍ത്തനത്തിനായി നിലകൊള്ളാനാണ് ഇഷ്ടപ്പെടുന്നതെന്നും വല്ലഭ് ധാരാവിയ പറഞ്ഞു. താന്‍ ബി.ജെ.പിയില്‍ ചേരുന്നത് ഏതെങ്കിലും തരത്തിലുള്ള സ്ഥാനമാനങ്ങള്‍ മോഹിച്ചിട്ടല്ല. എന്തെങ്കിലും അനധികൃതമായി അവര്‍ തരാമെന്ന് തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാനവേദര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ജവാഹര്‍ ഛാവ്ദ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് രുപാണി മന്ത്രിസഭാ വികസനം നടത്തി അദ്ദേഹത്തെ കാബിനറ്റ് റാങ്കില്‍ നിയമിക്കുകയും ചെയ്തിരുന്നു. അനധികൃത ഖനി അഴിമതി കേസില്‍ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടി വന്ന ഭഗവാന്‍ ബരാദും കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതിനു മുന്‍പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ കന്‍വരാജി ബവാലിയ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അദ്ദേഹത്തെയും മന്ത്രിയാക്കിയാണ് വിജയ് രുപാണി സര്‍ക്കാര്‍ പ്രത്യുപകാരം ചെയ്തത്.
182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളെ ചാക്കിട്ടുപിടിച്ചതോടെ സഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 77ല്‍ നിന്ന് 71 ആയി ചുരുങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."