ജലക്ഷാമത്തിന് പരിഹാരമായി തൊഴിലുറപ്പ് തണ്ണീര്‍ത്തട സംരക്ഷണം
പട്ടാമ്പി: രൂക്ഷമായ ജലക്ഷാമം നേരിടുന്നതിന് പരിഹാരമായി തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് തൊഴിലുറപ്പിലൂടെ ഓങ്ങല്ലൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ കുളങ്ങള്‍, കിണറുകള്‍ എന്നിവ ഭിത്തികെട്ടി സംരക്ഷിച്ചാണ് വരള്‍ച്ചാ ക്ഷാമത്തിനെതിരെ നേരിയ തോതില്‍ പരിഹാരമുണ്ടാക്കുന്നത്. നവകേരള മിഷന്‍ ഹരിത കേരള പദ്ധിതിയില്‍ വരള്‍ച്ചാ പ്രതിരേധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ആയിരത്തോളം തൊഴിലാളികളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തണ്ണീര്‍ത്തട സംരക്ഷണത്തിനിറങ്ങിയിരിക്കുന്നത്. അത് കൊണ്ട് തന്നെ തൊണ്ടിയന്നൂരില്‍ കയ്യാലം കുന്ന് കുളം കരിങ്കല്ല് കെട്ടി സംരക്ഷിച്ച് പഞ്ചായത്ത് മാതൃകയാകുന്നു. 4,89000 രൂപ ചെലവില്‍ ഇരുപത്തിഏഴര മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പണി തീര്‍ത്ത കുളത്തില്‍ ഇപ്പോള്‍ ജലം സുലഭമാണ്. പഞ്ചായത്തിലെ 22 വാര്‍ഡുകളിലായി ഇതിനകം തന്നെ 61 കിണറുകള്‍ കുഴിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ വ്യക്തമാക്കി. ഇതില്‍ 58 എണ്ണത്തിലും ആവശ്യമായ വെള്ളമുണ്ട്. 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് തണ്ണിപ്പാറ തോട്, ഞാളൂര്‍പ്പാടം തോട് എന്നിവ ഭിത്തികെട്ടി സംരക്ഷിച്ചതും ജലസ്രോതസ്സിനുള്ള വഴി തുറന്നു. തണ്ണീര്‍ത്തട സംരക്ഷണം മൂലം വരള്‍ച്ച കൂടുതല്‍ അനുഭവപ്പെടുന്ന പഞ്ചായത്തില്‍ ജലലഭ്യത ഉറപ്പാക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."