ജില്ലയെ നടുക്കി വീണ്ടും ട്രെയിന്‍ അപകടം ഇസ്മാഈലിന്റെ ജീവനായി പ്രാര്‍ഥനയോടെ നാട്ടുകാര്‍
കാസര്‍കോട്: ട്രെയിനിടിച്ചു മൂന്നര വയസുകാരന്‍ മരിച്ച സംഭവം ജില്ലയെ നടുക്കി. ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. അയല്‍ വീട്ടിലേക്കുപോയ മാതാവിനെ തേടിയാണ് മൂന്നര വയസുകാരന്‍ ബിലാലും അഞ്ച് വയസുകാരന്‍ ഇസ്മാഈലും വീട്ടില്‍നിന്ന് പുറത്തിറങ്ങിയത്. ഇത് ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. മാതാവിനെ അന്വേഷിച്ചു വീട്ടില്‍നിന്ന് പുറത്തിറങ്ങിയ കുട്ടികള്‍ റെയില്‍വേ ട്രാക്കില്‍ അപകടത്തില്‍പെടുകയായിരുന്നു. ബിലാല്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ഇസ്മാഈലിന്റെ ജീവനുവേണ്ടി ഒരു നാട് മുവുവന്‍ പ്രാര്‍ത്ഥനയിലാണ്.
ആറുമാസം മുമ്പ് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപം പാളം മുറിച്ചു കടക്കുന്നതിനിടെ പോസോട്ട് സത്തിയടുക്കത്തെ കെ.ടി അബൂബക്കറിന്റെ മക്കളായ ആമിന(42), ആയിഷ(42), മകന്‍ ശാമില്‍(3) എന്നിവര്‍ ട്രെയിനിടിച്ചു മരിച്ച വാര്‍ത്തയുടെ നടുക്കം ആളുകളില്‍നിന്ന് ഒഴിഞ്ഞുപോകുന്നതിനു മുമ്പാണ് ബിലാലിന്റെ ദാരുണ മരണവും. രണ്ടു മാസം മുന്‍ പ് മാര്‍ബിള്‍ പണിക്കാരായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇതേ സ്ഥലത്ത് ട്രെയിന്‍ തട്ടി മരിച്ചിരുന്നു. മഞ്ചേശ്വരം മുതല്‍ കാസര്‍കോട് വരെയുള്ള റെയില്‍വേ പാതയോരങ്ങളില്‍ നൂറു കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇരുഭാഗത്തുമുള്ള വീടുകളിലേക്ക് പരസ്പരം ആളുകള്‍ സഞ്ചരിക്കുമ്പോള്‍ ട്രാക്ക് മുറിച്ചു കടക്കാനല്ലാതെ മറ്റു വഴികളൊന്നും ഇവര്‍ക്കില്ല. ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളുടെ മുറവിളികള്‍ കേള്‍ക്കാന്‍ റെയില്‍വേ അധികൃതരും ബന്ധപ്പെട്ട ജനപ്രതിനിധികളും തയാറുമല്ല. ദുരന്തം നടന്നാല്‍ ഓടിയെത്തി പലവിധ വാഗ്ദാനങ്ങള്‍ നല്‍കി സ്ഥലംവിടുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ദുരന്തങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള യാതൊരു മാര്‍ഗങ്ങളും സ്വീകരിക്കുന്നുമില്ല. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്ത് കൂടി നൂറുകണക്കിന് ആളുകളാണ് പ്രതിദിനം നടന്നുപോകുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് മറ്റിടങ്ങളിലേക്ക് പോകാന്‍ ദേശീയ പാതയുള്‍പ്പെടെയുള്ള പാതകളെ ആശ്രയിക്കണമെങ്കില്‍ നിത്യേന റെയില്‍വേ പാത മുറിച്ചുകടന്നു വേണം ആളുകള്‍ക്ക് സഞ്ചരിക്കാന്‍. ജനസാന്ദ്രത കൂടിയ ഭാഗങ്ങളില്‍ അടിപ്പാത, മേല്‍പാത പോലെയുള്ളവ സ്ഥാപിക്കാമെങ്കിലും ഇത്തരം സംവിധാനങ്ങളൊന്നും പിന്നാക്ക ജില്ലയായ കാസര്‍കോട്ട് ആവശ്യമില്ലെന്ന നയമാണ് സര്‍ക്കാരും വകുപ്പുകളും ജനപ്രതിനിധികളും സ്വീകരിക്കുന്നത്. ഇത്തരം പാതകള്‍ നിര്‍മിച്ചാല്‍ തന്നെ ഒരു പരിധിവരെ അപകടസാധ്യത കുറക്കാമെങ്കിലും ഇതിനു വേണ്ട നടപടികള്‍ ആര് സ്വീകരിക്കുമെന്ന ചോദ്യമാണ് അപകട മേഖലകളിലുള്ള ജനങ്ങള്‍ ഉന്നയിക്കുന്നത്. അപകടം നടന്നാല്‍ ഓടിയെത്തി ആശ്വസിപ്പിക്കുന്ന ബന്ധപ്പെട്ടവരെ പിന്നെ കാണണമെങ്കില്‍ അടുത്ത അപകടം നടക്കണമെന്ന അവസ്ഥയാണുള്ളതെന്നും ജനങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."