എട്ട് ബ്ലോക്കുകളില്‍ ഊര്‍ജിത കര്‍മ പരിപാടിക്ക് ഇന്ന് തുടക്കം
മലപ്പുറം: 27 ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യവകുപ്പു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. എട്ട് ആരോഗ്യ ബ്ലോക്കുകളില്‍ ഊര്‍ജിത കുത്തിവെപ്പു പ്രചാരണ പരിപാടികള്‍ക്ക് ഇന്നു തുടക്കമാവും. കൊണ്ടോട്ടി, വെട്ടം, നെടുവ, വളവന്നൂര്‍, ഓമാനൂര്‍, കുറ്റിപ്പുറം, മങ്കട, വേങ്ങര ബ്ലോക്കുകളിലാണ് ഇന്ന് ഊര്‍ജിത കര്‍മ പരിപാടികള്‍ ആരംഭിക്കുന്നത്.
ഈ ബ്ലോക്കുകളില്‍ 10 മുതല്‍ 15 വരെ വയസുള്ള കുട്ടികള്‍ക്കു രണ്ടാഴ്ചയ്ക്കുള്ളില്‍ കുത്തിവെപ്പു നല്‍കും. ജില്ലയുടെ അടിയന്തിര ആവശ്യം പരിഗണിച്ചു 30,000 ഡോസ് ടി.ഡി വാക്സിനുകള്‍ ഇന്നെത്തുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി.ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. വാക്സിന് ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയ സാഹചര്യത്തിലാണ് അടിയന്തിരമായി വാക്സിനുകളെത്തിക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന ആരോഗ്യവകുപ്പു തന്നെ പദ്ധതികള്‍ തയാറാക്കിയെങ്കിലും ആവശ്യമായ ടി.ഡി വാക്സിനുകള്‍ ജില്ലയിലെത്തിക്കാന്‍ ഇതുവരെ ആരോഗ്യ വകുപ്പിനായിരുന്നില്ല. 16 വയസുവരെ മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പെടുക്കുക എന്നതാണു ജില്ലയില്‍ ആരോഗ്യ വകുപ്പു പദ്ധതിയിട്ടിരിക്കുന്നത്.
ഇത്തരത്തില്‍ രണ്ടു ലക്ഷത്തിലധികം കുട്ടികളെ മുന്നില്‍ കണ്ടു രണ്ടര ലക്ഷം ഡോസ് വാക്സിനുകളാണു ജില്ല ആവശ്യപ്പെട്ടത്.
ഇക്കാര്യം സംസ്ഥാന ആരോഗ്യ വകുപ്പ് തത്വത്തില്‍ അംഗീകരിച്ചെങ്കിലും പുതുതായി ഇതുവരെ 2000 ഡോസ് ടി.ഡി വാക്സിന് മാത്രമാണു ലഭിച്ചിരുന്നത്. ഇന്നു 30,000 ഡോസ് ടി.ഡി വാക്സിനുകള്‍ എത്തുന്നതോടെ ജില്ലയിലെ വാക്സിന് ക്ഷാമം തീരുമെന്നാണു പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."