മുത്തംപടിയില്‍ കാട്ടാനശല്യം രൂക്ഷം; കൃഷി നശിപ്പിച്ചു
കട്ടപ്പന: മുത്തംപടിയില്‍ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ദേഹണ്ഡങ്ങളാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്. രാത്രിയില്‍ കൃഷിയിടത്തിലെത്തുന്ന ആനകള്‍ ദേഹണ്ഡങ്ങളെല്ലാം തകര്‍ത്താണ് മടങ്ങുന്നത്. വനാതിര്‍ത്തി വിട്ട് ഉള്‍പ്രദേശങ്ങളില്‍വരെ ആനകള്‍ എത്തി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇരുകാലുകള്‍ക്കും ശേഷിയില്ലാത്ത അമ്പാട്ട് ഗോപാലന്റെ കൃഷികളാണ് കഴിഞ്ഞദിവസം ആന നശിപ്പിച്ചത്. വികലാംഗനായ ഗോപാലന് വൃദ്ധയായ മാതാവ് മാത്രമാണ് കൂട്ടിനുള്ളത്. പറമ്പിലിറങ്ങുന്ന ആനയെ ഓടിക്കാന്‍പോലും ഇവര്‍ക്കു ശേഷിയില്ല. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഈ വികലാംഗ കര്‍ഷകനുണ്ടായിരിക്കുന്നത്. ആലമരത്തില്‍ മാത്യുവിന്റെ കൃഷിയും വ്യാപകമായി ആന നശിപ്പിച്ചു. മാത്യുവിന്റെ കായ്ച അഞ്ചു തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. ഏലം, കമുക്, കാപ്പി, കൊടിയെല്ലാം ആനകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൃഷിയിടം കടന്ന് വീടിന്റെ മുറ്റത്തുവരെ ആന എത്തുന്നുണ്ട്. സന്ധ്യയോടെ കൃഷിയിടത്തില്‍ നിലയുറപ്പിക്കുന്ന ആന നേരംപുലര്‍ന്ന് ജനങ്ങള്‍ ഓടിച്ചെങ്കില്‍മാത്രമെ പിന്‍വാങ്ങുകയുള്ളൂ. മുത്തംപടി ഭാഗത്തുള്ളവര്‍ ഉറങ്ങിയിട്ട് ആഴ്ചകളായി. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം ആനശല്യമുണ്ടാകുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചിട്ടും വനപാലകര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."