കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ മരിച്ച യുവാവിന്റെ
ആര്‍പ്പൂക്കര : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണപ്പെട്ട യുവാവിന്റെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി ബന്ധുക്കളുടെ പരാതി. ഈരാറ്റുപേട്ട തലപ്പലംപ്ലാശനായില്‍ വെട്ടുകല്ലുപുറത്ത് വിജയന്റെ മകന്‍ വി.വി വിജേഷ് (31) ആണ് മരിച്ചത്. വിജേഷിന്റെ കഴുത്തി കിടന്നിരുന്ന മൂന്നു ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ ഏലസ് ആണ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഞായറാഴ്ച, ഗാന്ധിനഗര്‍ പൊലിസില്‍ പരാതി നല്‍കി. ഇന്ന് ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കും.
കഴിഞ്ഞ 17ന് ഹൃദ്‌രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ക്ക് ശേഷം മെഡിസിന്‍ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റി. 21ന് രാവിലെ 10ന് മരിച്ചു.
തുടര്‍ന്ന് ബന്ധുക്കളെ ഐ.സി.യു.വില്‍ കയറി മൃതദേഹം തുടച്ച് വൃത്തിയാക്കിയ ശേഷം വെളിയിലേക്ക് ഇറങ്ങി. ഈ സമയം വിജേഷിന്റെ കഴുത്തില്‍ ഏലസ് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വീട്ടിലെത്തി മൃതദേഹം കുളിപ്പിക്കുവാന്‍ എടുത്തസമയത്താണ് ഏലസ് ശരീരത്തിലില്ലെന്ന് ബന്ധുക്കള്‍ അറിഞ്ഞത്.
എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം അന്വേഷിച്ചാല്‍ മതിയെന്ന് ബന്ധുക്കള്‍ തീരുമാനിച്ചു. അതനുസരിച്ച് ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി, വിജേഷ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിഭാഗത്തിലെത്തി ജീവനക്കാരോടു അന്വേഷിച്ചപ്പോള്‍, താഴേ എവിടെയെങ്കിലും പോയി കാണുമെന്നുള്ള മറുപടിയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.തുടര്‍ന്ന് ഇവര്‍ ഗാന്ധിനഗര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീ വ്രപരിചരണ വിഭാഗത്തില്‍, രോഗികളുടെ മൊബൈല്‍ ഫോണും രൂപയും സ്വര്‍ണാഭരണങ്ങളും കാണാതെ പോകുന്നത് നിത്യസംഭമാകുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം, വെമ്പായം, ചെവി ടിക്കുഴിയില്‍ സുന്ദരേശന്‍ നായരുടെ മൊബൈല്‍ ഫോണും പണവും രേഖകളും സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും കാണാതെ പോയി. കഴിഞ്ഞ എട്ടിന് തൃക്കൊടിത്താനം, മനയ്ക്കപ്പാലത്ത് റോഡ് വക്കില്‍ വീണു കിടന്നിരുന്ന സുന്ദരേശനെ പൊലിസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
ഈ സമയം ഐ.സി.യു.വിന്റെ ചുമതലക്കാര്‍, പ്രോപ്പര്‍ട്ടി രജിസ്റ്ററില്‍, ഇവ രേഖപ്പെടുത്തിയിരുന്നതാണ്. എന്നാല്‍ 18ന് ഇയാള്‍ മരിച്ച ശേഷം 19 ന് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി, 20 ന് മൃദദ്ദേഹം ഏറ്റുവാങ്ങുവാന്‍ ബന്ധുക്കളെത്തിയപ്പോള്‍, സുന്ദരേശന്റെ ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ ഒന്നും കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീടു അവര്‍ പരാതി പറഞ്ഞ ശേഷം, ഇവ കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."