മതനിന്ദാപരമായ പ്രചാരണം: സഊദിയില്‍ വിദേശ പ്രൊഫസറെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു
ജിദ്ദ: സഊദിയിൽ ട്വിറ്ററില്‍ മതനിന്ദാപരമായ പരാമര്‍ശം നടത്തിയ ജിസാന്‍ യൂനിവേഴ്സിറ്റിയിലെ വിദേശ പ്രൊഫസറെ പിരിച്ചുവിട്ടതായി സര്‍വകലാശാല അറിയിച്ചു. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ട്വിറ്ററില്‍ സന്ദേശങ്ങള്‍ പങ്കുവച്ചതിനാണ് പ്രൊഫസറെ പിരിച്ചുവിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദത്തെയും ഭീകര വാദത്തെയും ഇസ്ലാം മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആരോപണങ്ങളാണ് പ്രൊഫസര്‍ പങ്കുവച്ചത്. സര്‍ക്കാര്‍ സര്‍വകലാശാലയില്‍ ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും പറ്റി ഡിപ്പാര്‍ട്ട്മെന്‍റ് മേധാവിയായി ജോലി ചെയ്യുന്ന വിദേശ പ്രൊഫസറെയാണ് മതനിന്ദ നടത്തിയതിന് പിരിച്ചുവിട്ടത്.
സഊദിയുടെ നയവിരുദ്ധമായ തീവ്രവാദ ചട്ടവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജിസാന്‍ സര്‍വകലാശാല വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു.
അതേ സമയം യു. എ.ഇയിൽ സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയ ഒരു ഇന്ത്യക്കാരനെ കൂടി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റാസല്‍ഖൈമയിലെ ഒരു ഖനന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്.
ബിഹാര്‍ സ്വദേശിയായ ബ്രാജ്കിഷോര്‍ ഗുപ്തയ്ക്ക് എതിരെയാണ് കമ്പനി നടപടിയെടുത്തത്. മുസ്ലിം വിരുദ്ധ പരാമര്‍ശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് റാസല്‍ഖൈമ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റീവിന്‍ റോക്ക് എന്ന മൈനിങ് കമ്പനി ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. കൊവിഡ് പരത്തുന്നത് ഇന്ത്യന്‍ മുസ്ലിംകളാണെന്നും ദില്ലി കലാപത്തില്‍ മുസ്ലിംകള്‍ കൊല്ലപ്പെട്ടത് നീതിയാണെന്നുമുള്ള വിദ്വേഷ പരാമര്‍ശമാണ് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഒരു ജൂനിയര്‍ ജീവനക്കാരന്‍ ഉള്‍പ്പെട്ട സംഭവം അന്വേഷിക്കുകയും ഈ വ്യക്തിയെ സ്റ്റീവിന്‍ റോക്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി കമ്പനിയുടെ ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ മാനേജര്‍ ജീന്‍ ഫ്രാങ്കോയിസ് മിലിയന്‍ ഇമെയില്‍ സന്ദേശത്തിലൂടെ അറിയിച്ചത്. സഹിഷ്ണുതയും സമത്വവും പ്രത്സാഹിപ്പിക്കുന്നതിലും വര്‍ഗീയതയെയും വിവേചനത്തെയും ശക്തമായി നേരിടുന്നതിലും യുഎഇ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ കമ്പനി പിന്തുണയ്ക്കുന്നതായി മിലിയന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."