കോര്‍പറേറ്റുകള്‍ക്കായി മാറ്റിയെഴുതുന്ന തൊഴില്‍ നിയമങ്ങള്‍
കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് കണ്ണീര്‍ക്കടല്‍ താണ്ടുകയാണ് രാജ്യത്തെ തൊഴിലാളികള്‍. നാടണയാനുള്ള വ്യഗ്രതയില്‍ കുടിയേറ്റത്തൊഴിലാളികള്‍ കിലോമീറ്ററുകള്‍ കാല്‍നടയായി നീങ്ങുന്ന കാഴ്ച ഹൃദയഭേദകമാണ്. പലരും വീടുകളിലെത്താതെ വഴിയില്‍ തളര്‍ന്നുവീണ് മരിക്കുന്നു. ചിലര്‍ ട്രെയിന്‍ കയറി മരിക്കുന്നു. മറ്റു ചിലര്‍ ട്രക്കുകള്‍ കയറി മരിക്കുന്നു. എന്നാല്‍, ഇതൊന്നും ഭരണകൂടത്തെ അലോസരപ്പെടുത്തുന്നില്ല. കാല്‍നട യാത്രക്കാരുടെ ദുരിതങ്ങള്‍ നേരിട്ട് അന്വേഷിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മന്ത്രി നിര്‍മലാ സീതാരാമന്‍, ബി.ജെ.പിയുടെ സഹജസ്വാഭാവമായ പരിഹാസംകൊണ്ട് അവഹേളിക്കുകയായിരുന്നു.
പൊള്ളുന്ന ഈ യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ആഗോള മൂലധനശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ ധാതുസമ്പത്തും വിമാനത്താവളങ്ങളും ബഹിരാകാശ ഗവേഷണ കേന്ദ്രവും കേന്ദ്രസര്‍ക്കാര്‍ കാഴ്ചവച്ചിരിക്കുന്നത്. അത്യന്തം പരിതാപകരമായ ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെ മരണംകൊണ്ട് സ്വീകരിക്കുന്ന അടിസ്ഥാന വര്‍ഗമായ തൊഴിലാളികള്‍ക്കോ കര്‍ഷകര്‍ക്കോ ഒരു ചില്ലിക്കാശ് ഖജനാവില്‍നിന്ന് എടുത്തുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. കൂലിയും വേലയുമില്ലാതെ നരകിക്കുന്ന അവരുടെ ശിരസിലേക്ക് മറ്റൊരു തീമല മറിച്ചിട്ടിരിക്കുകയാണ് ഇപ്പോള്‍. കൊവിഡിന്റെ പേരുപറഞ്ഞ് നിലവിലെ തൊഴില്‍നിയമം മാറ്റിയെഴുതിക്കൊണ്ടാണ് ഈ പാതകം തൊഴിലാളികളോട് കാണിച്ചിരിക്കുന്നത്. മഹാമാരിയെത്തുടര്‍ന്ന് രാജ്യത്തെ വ്യവസായികള്‍ പ്രയാസത്തിലാണെന്നും അവരെ രക്ഷിക്കാന്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നുമുള്ള വിചിത്ര നിലപാടാണ് അവര്‍ എടുത്തിരിക്കുന്നത്.
ലോക്ക്ഡൗണിന്റെ മറവില്‍ തൊഴിലാളികളെ കോര്‍പറേറ്റുകളുടെ ദാസ്യവേലക്കാരാക്കാനുള്ള ഹീനശ്രമമാണ് ഇതിനുപിന്നില്‍. സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പരിരക്ഷ നല്‍കിയിരുന്ന നിയമങ്ങളാണ് ചില സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. മിനിമം വേതനം, ഓവര്‍ടൈം, പിരിച്ചുവിടല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇനി കമ്പനികള്‍ എടുക്കുന്ന തീരുമാനമായിരിക്കും അന്തിമം. എട്ട് മണിക്കൂര്‍ ജോലിയെന്നത് 12 മണിക്കൂറാക്കി. മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളെല്ലാം ഓര്‍ഡിനന്‍സ് മുഖേന ഈ കരിനിയമം നടപ്പാക്കിയിരിക്കുകയാണ്. ഈ കരിനിയമങ്ങള്‍ക്കെതിരേ കോടതിയെപോലും സമീപിക്കാന്‍ സാധിക്കാത്തവിധമാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി ഇനി തൊഴിലിടങ്ങളിലെല്ലാം മുതലാളിമാരുടെ ധാര്‍ഷ്ട്യങ്ങളായിരിക്കും നടപ്പാവുക. യു.പിയില്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് എല്ലാ തൊഴില്‍നിയമങ്ങളും റദ്ദാക്കിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇതനുസരിച്ച് വ്യാപാര, തൊഴില്‍ മേഖലകളിലൊന്നും തൊഴിലാളികള്‍ക്ക് ഒരവകാശവും ഉണ്ടായിരിക്കില്ല. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കല്‍, യൂനിയന്‍ പ്രവര്‍ത്തനം, കരാര്‍ തൊഴില്‍ നിയമങ്ങള്‍, കുടിയേറ്റ തൊഴില്‍വ്യവസ്ഥകള്‍, സേവനവ്യവസ്ഥകള്‍, പി.എഫ്, ബോണസ് തുടങ്ങിയ തൊഴില്‍ നിയമങ്ങളും എടുത്തുകളഞ്ഞു.
രാജ്യത്തെ തൊഴിലാളികള്‍ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളാണ് കോര്‍പറേറ്റുകളെ കൊഴുപ്പിക്കാനായി ഒരൊറ്റ ഓര്‍ഡിനന്‍സിലൂടെ തകര്‍ത്തിരിക്കുന്നത്. കൊറോണ വൈറസ് ഇന്ത്യയിലെത്തും മുന്‍പുതന്നെ ഇവിടുത്തെ തൊഴിലാളികളും കര്‍ഷകരും കഷ്ടപ്പാടിന്റെ തീമല താണ്ടാന്‍ തുടങ്ങിയിരുന്നു. ലോക്ക്ഡൗണ്‍ കൂടി വന്നതോടെ എല്ലാം നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് അവരുടെ ശിരസുകളിലേക്ക് അഗ്നിവര്‍ഷംപോലെ തൊഴില്‍ നിയമം റദ്ദാക്കല്‍ ഓര്‍ഡിനന്‍സ് പതിച്ചിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് കൊവിഡിന്റെ മറവില്‍ കൂടുതല്‍ ലാഭം കരസ്ഥമാക്കാന്‍ ഈ തൊഴില്‍ മാരണ നിയമംകൊണ്ട് കഴിയും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോര്‍പറേറ്റ് പ്രീണനം കൊവിഡിന്റെ മറവില്‍ വേഗം കൂട്ടുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളൂ.
ശക്തമായ തൊഴില്‍ നിയമങ്ങളാണ് രാജ്യത്തെ നിക്ഷേപ സൗഹൃദമല്ലാതാക്കി തീര്‍ക്കുന്നതെന്ന വാദം ഉന്നയിച്ചായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ തുടക്കം മുതല്‍ തൊഴില്‍ നിയമങ്ങളില്‍ കത്തിവയ്ക്കാന്‍ തുടങ്ങിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട നിയന്ത്രണങ്ങള്‍ ഒരു സാധ്യതയായി കണക്കിലെടുത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായി കവര്‍ന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെയും ഈ തൊഴിലാളിവിരുദ്ധ നിലപാടിനെതിരേ വിപ്രോ സ്ഥാപക ചെയര്‍മാന്‍ അസിം പ്രേംജി വിമര്‍ശനവുമായി രംഗത്തുവന്നത് ആശാവഹമാണ്. തൊഴിലാളികളെ ചൂഷണംചെയ്ത് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനാകില്ലെന്ന് ദ എക്കണോമിക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം അടിവരയിട്ടുപറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."