സൈക്കിളില്‍ സാഹസിക യാത്രയ്‌ക്കൊരുങ്ങി അതിഥി തൊഴിലാളികള്‍
കോഴിക്കോട്: ''കോഴിക്കോട്ടു നിന്ന് അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുക. അവിടെ നിന്ന് വിജയവാഡയിലെത്തും. പിന്നെ ആന്ധ്രപ്രദേശ്. അവിടെയെത്തിയാല്‍ പിന്നെ ഒഡീഷയിലെത്താന്‍ എളുപ്പമാണ്, വഴി തെറ്റാതിരിക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കി പോകാലോ സാറേ...''- കോഴിക്കോട് പുതിയപാലത്തു നിന്ന് സൈക്കിള്‍ ചവിട്ടി നാട്ടിലേക്കു പോകാനൊരുങ്ങിയ ഒഡീഷക്കാരായ അതിഥി തൊഴിലാളികളോട് മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടന്‍ എങ്ങനെയാണ് നിങ്ങള്‍ പോകാനുദ്ദേശിക്കുന്നതെന്നു ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണിത്.
കഴിഞ്ഞ ദിവസം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളും വീടുകളും സന്ദര്‍ശിക്കുന്നതിനിടെയാണ് പുതിയപാലത്ത് ഇവര്‍ താമസിക്കുന്ന വീട്ടില്‍ സി.ഐയും സംഘവും എത്തിയത്. ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കാനായി പൊലിസുകാര്‍ വീടിനു മുന്നിലെത്തിയപ്പോള്‍ കണ്ടത് നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന പുത്തന്‍ സൈക്കിളുകളായിരുന്നു. ചോദിച്ചപ്പോഴാണറിഞ്ഞത് നാട്ടിലേക്കു പോകാനായി വാങ്ങിയ സൈക്കിളുകളാണെന്ന്. 12 ദിവസം കൊണ്ട് 1,200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വീട്ടിലെത്താനായിരുന്നു ഇവരുടെ പദ്ധതി. ഇന്നലെ രാവിലെ നാട്ടിലേക്കു പുറപ്പെടാനാണ് ഇവര്‍ തയാറെടുത്തിരുന്നത്.
കഴിഞ്ഞ ദിവസമാണ് പൊറ്റമ്മലിലെ സൈക്കിള്‍ കടയില്‍ നിന്ന് ഇവര്‍ സൈക്കിളുകള്‍ വാങ്ങിയത്. സൈക്കിള്‍ വാങ്ങാന്‍ കൈയില്‍ പണമില്ലാത്തതിനാല്‍ വീട്ടില്‍ നിന്ന് പണമയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു സൈക്കിളിന് 5,200 രൂപ വച്ച് 17 സൈക്കിളുകളാണ് ഇവര്‍ വാങ്ങിയത്. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം സൈക്കിളുകളെല്ലാം ചങ്ങലപ്പൂട്ടിട്ടു പൂട്ടിയാണ് പൊലിസ് തിരിച്ചുപോയത്. തിരിച്ചു പോകാന്‍ അടുത്ത ദിവസം തന്നെ ട്രെയിന്‍ കോഴിക്കോട്ടു നിന്ന് പുറപ്പെടുമെന്നും അപ്പോള്‍ നാട്ടിലേക്കു പോകാമെന്നും പൊലിസുകാര്‍ പറഞ്ഞതോടെ തൊഴിലാളികള്‍ക്കു സമാധാനമായി. പണം മുടക്കി വാങ്ങിയ സൈക്കിള്‍ തിരികെ കൊണ്ടുപോകാന്‍ അനുവദിക്കുമോ എന്ന് കൂട്ടത്തിലൊരാള്‍ ചോദിച്ചു. സൈക്കിള്‍ കൊണ്ടുപോകാനാവില്ലെന്നും വാങ്ങിയ സ്ഥലത്തു തന്നെ തിരിച്ചേല്‍പ്പിക്കാന്‍ സംവിധാനമുണ്ടാക്കാമെന്നും പൊലിസ് മറുപടി നല്‍കി. ഇന്നലെ രാവിലെ സൈക്കിള്‍ വാങ്ങിയ കട പൊലിസിന്റെ സഹായത്തോടെ തുറന്ന് സൈക്കിളുകള്‍ തിരിച്ചേല്‍പ്പിച്ചു. ഇനി നാട്ടിലേക്കു മടങ്ങാനുള്ള ട്രെയിനും കാത്തിരിക്കുകയാണഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."