കുള്ളന്‍തെങ്ങിന്റെ വ്യാപനത്തിന് തച്ചമ്പാറ പഞ്ചായത്ത്
തച്ചമ്പാറ: ഏറ്റവും ഗുണമേന്മയുള്ള കുള്ളന്‍തെങ്ങിന്റെ വ്യാപനത്തിന് തച്ചമ്പാറ ഗ്രാമപഞ്ചായത്തും കൃഷിഭവനും നടത്തുന്ന ശ്രമം ശ്രദ്ധേയമാകുന്നു. കര്‍ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രിയം കുള്ളന്‍തെങ്ങിനോടാണ്. മൂന്നാം വര്‍ഷം മുതല്‍ കായിച്ച് തുടങ്ങുകയും കൂടുതല്‍ വിളവ് ലഭിക്കുകയും അധികം ഉയരം വെക്കാത്തതിനാല്‍ തേങ്ങയിടാന്‍ ആളെ അന്വേഷിച്ചു നടക്കേണ്ടയെന്നതും ഇതിനെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നു.
എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന കുള്ളന്‍ തെങ്ങുകളെല്ലാം കരിക്കിനു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. വിളവെടുപ്പ് നടത്തുമ്പോഴാണ് ഇക്കാര്യം പലരും അറിയുക.
ഇതിന് പരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആര്‍.ഐ) വികസിപ്പിച്ചെടുത്ത ഇളനീരിനും കൊപ്രക്കും പറ്റിയ ഇനമാണ് കേര സങ്കര.
മൂന്നാം വര്‍ഷം കായിച്ച് തുടങ്ങുന്ന ഈ ഇനത്തില്‍നിന്ന് കൂടുതല്‍ വിളവ് ലഭിക്കും. നന്നായി പരിചരിച്ചാല്‍ വര്‍ഷത്തില്‍ മുന്നൂറ് തേങ്ങ വരെ ലഭിക്കും. സാധാരണ കുള്ളന്‍തെങ്ങിനേക്കാളും അല്‍പം ഉയരുന്ന ഇത് മുപ്പത്തിയഞ്ചു വര്‍ഷംകൊണ്ട് നൂറു വര്‍ഷത്തെ ഫലം നല്‍കും. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ഈ ഇനത്തിനാണ്. മുന്‍കൂട്ടി അപേക്ഷ നല്‍കിയാല്‍ ലഭ്യതയ്ക്കനുസരിച്ചാണ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍നിന്ന് തൈകള്‍ ലഭിക്കുക.
തച്ചമ്പാറ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂതണ പദ്ധതിയില്‍ ഇത്തവണ 75 ശതമാനം സബ്‌സിഡിയില്‍ കേര സങ്കരയാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തില്‍ കേര സങ്കരയുടെ വ്യാപനത്തിനായി രണ്ടായിരം തൈകള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഇതിനു പുറമെ കൃഷി ഭവന്റെ മാതൃകാ പ്രദര്‍ശന തോട്ടമായി മുതുകുറുശി മാര്‍ഗശ്ശേരി വിജയന്‍, ഇന്ദിരാ ദേവി എന്നിവരുടെ ഒരോ ഏക്കറിലും, മാട്ടം അനില്‍കുമാറിന്റെ അര ഏക്കര്‍ സ്ഥലത്തും കേര സങ്കര തൈകള്‍ വച്ച് പിടിപ്പിച്ചിട്ടുമുണ്ട്.
ജനകീയാസൂത്രണ പദ്ധതിയില്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള കുള്ളന്‍തെങ്ങിന്‍ തൈകളുടെ വിതരണം ഇന്ന് രാവിലെ 11ന് ഞാറ്റുവേല ചന്തയില്‍ വച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷരീഫ് നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുജാത അധ്യക്ഷയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."