ആലുവ നഗരത്തില്‍ അവശേഷിക്കുന്ന ബിവറേജസ് മദ്യവില്‍പന കേന്ദ്രം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു
ആലുവ : സുപ്രീം കോടതി വിധിയോടെ ആലുവ നഗരത്തില്‍ അവശേഷിക്കുന്ന ജനസാന്ദ്രതയേറിയ സിവില്‍ സ്‌റ്റേഷന്‍ റോഡിലെ മദ്യവില്‍പന കേന്ദ്രം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.
ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പന കേന്ദ്രമാണ് ജനങ്ങള്‍ക്ക് തലവേദനയായി മാറിയിരിക്കുന്നത്. കോടതി വിധിയെ തുടര്‍ന്ന് നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 4 ബിയര്‍ പാര്‍ലറുകളും, ഏക കള്ളുഷാപ്പും പൂട്ടിയതോടെ അവശേഷിക്കുന്നത് ഈ ബിവറേജ് ഔട്ട് ലെറ്റ് മാത്രമാണ്. രാപകലില്ലാത്ത മദ്യപന്മാരുടെ സാന്നിദ്ധ്യം മൂലം ഈ മേഖല സാമൂഹ്യവിരുദ്ധരുടെ നിയന്ത്രണത്തിലായ അവസ്ഥയാണുള്ളത്. മദ്യശാല ഇവിടെ സ്ഥാപിച്ച കാലം മുതല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. മിനി സിവില്‍ സ്‌റ്റേഷനിലടക്കം നിരവധി സര്‍ക്കാര്‍ ഓഫിസുകളാണ് ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നത്. താലൂക്ക് ഓഫിസ്, വിദ്യഭ്യാസ ജില്ല ഓഫിസ്, ഉപജില്ല ഓഫിസ്, വാഹന വകുപ്പ് ഓഫിസ്, സിവില്‍ സപ്ലൈ ഓഫിസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങി നിരവധി ഓഫിസുകള്‍ സിവില്‍ സ്‌റ്റേഷനില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭ ലൈബ്രറിയും ഈ ഭാഗത്ത് തന്നെയാണ്.
സ്ത്രീകളടക്കം നൂറുകണക്കിന് ജീവനക്കാര്‍ മാത്രം ഈ ഓഫിസുകളില്‍ എത്തുന്നുണ്ട്. അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി, അന്‍വര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, സ്വകാര്യ ആയുര്‍വേദ ആശുപത്രി എന്നിവ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ അന്‍വര്‍ ആശുപത്രിയിലേക്കും പാലിയേറ്റീവ് കെയറിലേക്കും രോഗികളടക്കമുള്ള പലരും എളുപ്പത്തില്‍ കടന്നു പോകുന്നത് മദ്യശാലയോട് ചേര്‍ന്ന വഴിയിലൂടെയാണ്. എന്നാല്‍, മദ്യപന്‍മാരുടെ ശല്യം മൂലം ഇവരുടെ യാത്രകള്‍ സുരക്ഷിതമല്ലാതായി മാറുകയാണ്. ഗവ.ബോയ്‌സ് സ്‌കൂള്‍, ഒഫ്താല്‍മോളജി പഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും മദ്യശാല മൂലം ദുരിതമനുഭവിക്കുന്നു.
റെയില്‍വേ സ്‌റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് നിരവധി യാത്രക്കാര്‍ ബാങ്ക് കവല, സ്വകാര്യ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്കും തിരിച്ചും സിവില്‍ സ്‌റ്റേഷന്‍ റോഡ് വഴി കാല്‍ നടയായി യാത്ര ചെയ്യുന്നുണ്ട്. മദ്യശാല കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം കൂടിയതോടെ യാത്രക്കാരും പ്രശ്‌നങ്ങളിലാണ്. മദ്യശാലയില്‍ നിന്ന് മദ്യം കൂടുതലായി വാങ്ങി ഇവിടെ വച്ചുതന്നെ ചില്ലറ കച്ചവടം നടത്തുന്നവരും ഇവിടെ തമ്പടിക്കുന്നുണ്ട്. പല മൂലകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം വില്‍പനക്കാരും ഇടപാടുകാരും തമ്പടിക്കുന്നത്. മദ്യം കുടിക്കുന്നവര്‍ ഇതിലേ കടന്നുപോകുന്നവരെ ചീത്തവിളിക്കലും ഉപദ്രവിക്കലും പതിവാണത്രെ. ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ചും ഇത്തരം അനധികൃത മദ്യകച്ചവടം നടക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അധികൃതര്‍ ഇക്കാര്യത്തില്‍ അനാസ്ഥ തുടരുകയാണ് . എക്‌സൈസ് വിഭാഗത്തിന്റെ ജില്ലാതല പ്രത്യേക സ്‌ക്വാഡ് വരെ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചിട്ടും അനധികൃത മദ്യവില്‍പനക്കാരെ പിടികൂടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."