റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആരവം: പുതുക്കാട് മിനി ലോക കപ്പിന്റെ ആവേശം
പുതുക്കാട്: ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും തുടങ്ങി ഫുട്‌ബോള്‍ പ്രേമികളുടെ ആവേശമായ ടീമുകള്‍ ഇനി പുതുക്കാടിന്റെ മണ്ണില്‍ മാറ്റുരക്കും.
പുതുക്കാട് പഞ്ചായത്തിലെ പത്തഴ ക്ലബുകളാണു അവരവരുടെ ഇഷ്ട ടീമിന്റെ പേരില്‍ ദേശീയപാതയോരത്തുള്ള മൈതാനത്ത് ഏറ്റുമുട്ടുന്നത്. ഓരോ ടീമുകളുടെയും ജഴ്‌സിയണിഞ്ഞാണു മത്സരം.
നാല് ഞായറാഴ്ചകളിലായാണ് മത്സരം അരങ്ങേറുന്നത്. വേള്‍ഡ് കപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ നടക്കുന്ന ജൂലൈ 15ന് തന്നെയാണ് പുതുക്കാടിന്റെ മിനി വേള്‍ഡ് കപ്പിന്റെ ഫൈനലും ക്രമപ്പെടുത്തിയിരിക്കുന്നത്. വേള്‍ഡ് കപ്പിന്റെ മാതൃകയിലുള്ള കപ്പ് തന്നെയാണ് പുതുക്കാട് മിനി വേള്‍ഡ് കപ്പ് വിജയികള്‍ക്കായി കാത്തിരിക്കുന്നത്.
അത്യന്തം ലോകകപ്പ് ഫുട്‌ബോളിനെ ഓര്‍മിപ്പിക്കുന്ന രീതിയിലാണു പുതുക്കാട് വേള്‍ഡ്കപ്പും സംഘാടകര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഫീനിക്‌സ് സ്‌നേഹപുരം അര്‍ജന്റീനയും നവഭാരത് ക്ലബ് ബല്‍ജിയവും സരിഗ കണ്ണംബത്തൂര്‍ ഉറുഗ്വയുമായി മാറുന്നു.
എഫ്.സി പുതുക്കാട് സ്‌പെയിന്‍, സീമെന്‍സ് എ ജര്‍മനി, സീമന്‍സ് ബി ഇംഗ്ലണ്ട്, കെ.വൈ.സി കാഞ്ഞൂര്‍ ഫ്രാന്‍സ്, പുതുക്കാട് പ്രോഗ്രസീവ് പോര്‍ച്ചുഗല്‍, ബസാര്‍ ബോയ്‌സ് ബ്രസീല്‍, തേജസ് മാട്ടുമല മെക്‌സിക്കോ എന്നിങ്ങനെയാണു ഓരോ ക്ലബുകളും ഓരോ രാജ്യത്തിന്റെ ടീമുകളായി മാറുന്നത്.
പതിനഞ്ചു വയസ് മുതല്‍ അറുപത് വയസു വരെയുള്ളവരാണു കളിക്കാനായി ഇറങ്ങുന്നത്.
പത്തു ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തരം തിരിച്ചാണ് മത്സരം നടത്തുന്നത്.
ലോകകപ്പിലേത് പോലെ വിജയിക്കുന്ന ടീമിന് മൂന്നു പോയിന്റും സമനിലക്കാര്‍ക്ക് ഒന്നു വീതം പോയിന്റുമാണ് നല്‍കുന്നത്.
ഗ്രൂപ്പുകളില്‍ പോയിന്റ് അടിസ്ഥാനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന രണ്ടു ടീമുകളാണ് സെമി ഫൈനലില്‍ ഏറ്റുമുട്ടുക.
പുതുക്കാട് യുനൈറ്റഡ് സ്‌പോര്‍ട്‌സ് ഗാലറിയും പുതുക്കാട് സ്റ്റാര്‍സ് ക്ലബും സംയുക്തമായാണ് മിനി വേള്‍ഡ്കപ്പ് ഫുട്‌ബോള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ലോകകപ്പില്‍ മുത്തമിടുന്ന അതേ ടീം തന്നെയാകണം പുതുക്കാട് മിനി വേള്‍ഡ് കപ്പും ഉയര്‍ത്തണമെന്നതാണ് പുതുക്കാടുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."