വിഴിഞ്ഞത്ത് ആശങ്ക പരത്തി കൊതുകുകളുടെ താവളം നശീകരണത്തിന് ദിവസങ്ങള്‍ വേണ്ടി വരുമെന്ന് അധികൃതര്‍
വിഴിഞ്ഞം: ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ അന്താരാഷ്ട്ര തുറമുഖ നിര്‍മാണ കേന്ദ്രത്തിന് സമീപത്ത് കൊതുകുകളുടെ താവളം കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നു. മലേറിയ, മലമ്പനി, മന്ത്, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ പകര്‍ത്തുന്ന കൊതുക് ലാര്‍വകളാണ് കണ്ടെത്തിയത്.
ഇതിന്റെ ഉറവിട നശീകരണം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ മഴ തുടര്‍ന്നാല്‍ പല രോഗങ്ങളും വീണ്ടും തല പൊക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍.
തുറമുഖ നിര്‍മാണം ആരംഭിച്ച ശേഷം ഇത് ആദ്യമായാണ് പദ്ധതി പ്രദേശത്ത് ഇത്തരത്തില്‍ ആരോഗ്യവകുപ്പധികൃതരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. പുറത്തു നിന്നുള്ളവര്‍ക്ക് അകത്ത് പ്രവേശനം നല്‍കാത്ത മേഖലയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും പ്രത്യേക അനുമതി വാങ്ങേണ്ടി വന്നു.
വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയിലേയും നഗരസഭയുടെ വിഴിഞ്ഞം സോണല്‍ ഓഫിസ്, മുക്കോല പ്രാഥമികാരോഗ്യകേന്ദ്രം, തിരുവനന്തപുരം വെറ്റര്‍ കണ്‍ട്രോള്‍ യൂനിറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥന്‍മാരും ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
നിര്‍മാണ സ്ഥലത്തെ കെട്ടിക്കിടന്ന വെള്ളത്തിലും തടയണ നിര്‍മിക്കാന്‍ ഉപയോഗിച്ച ടാങ്കുകളിലുമൊക്കെ കൊതുകുകളുടെ സാന്നിധ്യമുള്ളതായി അധികൃതര്‍ കണ്ടെത്തി. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നുണ്ട്.
ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ താമസിക്കുന്ന നിരവധി ലേബര്‍ ക്യാംപുകളും മേഖലയില്‍ ഉണ്ട്. നേരത്തെ ഇവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ തൊഴിലാളികളില്‍ പലരും പകര്‍ച്ചപനിയും മറ്റ് അസുഖങ്ങളും പിടിപെട്ടവരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് കൊതുകുകളുടെ താവളം കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."