അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കല്‍: കോണ്‍ഗ്രസിനെ ഒതുക്കാന്‍ വഴിതേടി യോഗി, നിലപാടിലുറച്ച് പ്രിയങ്ക; ഒടുവില്‍ തീരുമാനം മാറ്റി യു.പി സര്‍ക്കാര്‍
ലഖ്‌നൗ: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതില്‍ ശക്തമായ നിലപാടുമായി മുന്നോട്ടു വന്ന കോണ്‍ഗ്രസിനേയും പ്രിയങ്ക ഗാന്ധിയേയും ഒതുക്കാന്‍ വഴികള്‍ തേടി യു.പി സര്‍ക്കാര്‍. എന്നാല്‍ തങ്ങളുടെ നിലപാടില്‍ തെല്ലും വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാവാതിരുന്നതോടെ യോഗി സര്‍ക്കാറിന് പത്തി മടക്കേണ്ടി വന്നു.
അതിഥി തൊഴിലാളികള്‍ക്കായി ആയിരം ബസുകള്‍ ഓടിക്കാന്‍ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ അതിഥി തൊഴിലാളികള്‍ക്കായുള്ള ബസുകളില്‍ നിയോഗിക്കുന്ന ഡ്രൈവര്‍മാര്‍ രാവിലെ പത്ത് മണിക്കകം തലസ്ഥാനമായ ലക്നൗവില്‍ എത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റും ലൈസന്‍സും സഹിതം രാവിലെ പത്ത് മണിക്കുള്ളില്‍ ലക്നൗവില്‍ എത്താനായിരുന്നു ഡ്രൈവര്‍മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തിയിലുള്ള ഡ്രൈവര്‍മാര്‍ എന്തിനാണ് തലസ്ഥാനത്തെത്തുന്നതെന്നും അത് അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു. വിഷയത്തില്‍ ഇടപെട്ട് യു.പിയുടെ പ്രത്യേക ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പുലര്‍ച്ചെ രണ്ട് മണിക്ക് സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചു. സര്‍ക്കാരിന്റെ നീക്കം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറി സന്ദീപ് സിങ് ആരോപിച്ചു. നിലവില്‍ സംസ്ഥാന അതിര്‍ത്തികളിലുള്ള ബസുകളെ എന്തിനാണ് ഒരു ആചാരത്തിന് മാത്രം ലക്നൗവിലേക്ക് വരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് തങ്ങളുടെ തീരുമാനത്തില്‍ ഒരടി പിന്നോട്ട് മാറുന്നില്ലെന്ന് കണ്ടതോടെ യോഗി ചുവടു മാറ്റി. ബസ് ഡ്രൈവര്‍മാര്‍ ലഖ്‌നൗവില്‍ എത്തേണ്ടതില്ലെന്നും 500 ബസുകള്‍ നോയിഡയിലേക്കും 500 ബസുകള്‍ ഗാസിയാബാദിലേക്കും പോയാല്‍ മതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ച രാത്രി വീണ്ടും അതിഥി തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചത് ചൂണ്ടിക്കാട്ടി പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. ബസുകളില്‍ ഇപ്പോള്‍ അതിര്‍ത്തിയിലാണുള്ളത്. എല്ലാ പ്രതിസന്ധികളോടും പോരടിച്ച ശേഷം ആയിരക്കണക്കിന് തൊഴിലാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ വീടുകളിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. അവരെ സഹായിക്കാനെങ്കിലും തയ്യാറാവൂ. ഞങ്ങളുടെ ബസുകള്‍ക്ക് ദയവായി അനുമതി നല്‍കൂ', പ്രിയങ്ക ട്വീറ്റില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."