നൈജീരിയയില്‍ സാമുദായിക ലഹള; 86 മരണം
അബുജ: നൈജീരിയയില്‍ കര്‍ഷകര്‍ക്കും കന്നുകാലി ഇടയന്മാര്‍ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട സാമുദായിക ലഹള രൂക്ഷമാകുന്നു. മധ്യ നൈജീരിയയില്‍ തുടരുന്ന ആക്രമണങ്ങളില്‍ ഇതിനകം 86 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച മധ്യ നൈജീരിയന്‍ സംസ്ഥാനമായ പ്ലാറ്റോയിലാണു പുതിയ സംഭവങ്ങള്‍ക്കു തുടക്കമായത്. ഗോത്ര കര്‍ഷക വിഭാഗമായ ബെറോമുകളില്‍പെട്ട ഒരു സംഘം ഫുലാനി കന്നുകാലിപാലകരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരമായി ശനിയാഴ്ച ഫുലാനി വിഭാഗം നടത്തിയ ആക്രമണമാണു സ്ഥിതിഗതികള്‍ വഷളാക്കിയത്. ഇതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയും നിരവധി പേര്‍ വിവിധ അക്രമസംഭവങ്ങളിലായി കൊല്ലപ്പെടുകയും ചെയ്തു.
കൃഷിഭൂമിയെയും ജലത്തെയും ചൊല്ലിയുള്ള അവകാശ തര്‍ക്കങ്ങളാണു സംഘര്‍ഷത്തിലേക്കു നയിച്ചതെന്നാണു വിവരം. ഭൂമിയുമായി ബന്ധപ്പെട്ടു രാജ്യത്തെ വിവിധ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പതിറ്റാണ്ടുകളായി നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരസ്പരം കടുത്ത വൈരം വച്ചുപുലര്‍ത്തുന്നവരാണു വിവിധ സാമുദായിക വിഭാഗങ്ങള്‍.
പുതിയ സംഭവത്തെ തുടര്‍ന്ന് പ്ലാറ്റോ സംസ്ഥാനത്തിന്റെ മൂന്നു ഭാഗങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യു പ്രാബല്യത്തിലുള്ളത്. ക്രമസമാധാനനില തകര്‍ക്കുന്നതു തടയാനായാണ് കര്‍ഫ്യു പ്രഖ്യാപിച്ചതെന്ന് പ്ലാറ്റോ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവത്തില്‍ 50ലേറെ വീടുകള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. 15 മോട്ടോര്‍ ബൈക്കുകളും രണ്ട് കാറുകളും കത്തിനശിച്ചതായി സംസ്ഥാന പൊലിസ് കമ്മിഷണര്‍ ഉണ്ടി അഡി അറിയിച്ചു. സംഘര്‍ഷ വിവരമറിഞ്ഞ് തെരച്ചില്‍ നടത്തിയപ്പോഴാണ് 86 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പത്തോളം പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്ലാറ്റോ മേഖലയില്‍ മതകീയമായ സംഘട്ടനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കന്നുകാലി ഇടയന്മാരായ ഫുലാനികള്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. ഇവര്‍ സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലാണു താമസിക്കുന്നത്. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി ഫുലാനി വംശജനാണ്. കര്‍ഷകരായ ബെറോമുകള്‍ കൂടുതലും ക്രിസ്ത്യന്‍ വിഭാഗവുമാണ്. ദക്ഷിണ പ്ലാറ്റോയില്‍ കൂടുതലും ഈ ബെറോമുകളാണുള്ളത്. ബോകോ ഹറം തീവ്രവാദികള്‍ക്കും ഇവിടെ സ്വാധീനമുണ്ട്.
കഴിഞ്ഞ ദിവസം മാലിയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെയും ഫുലാനി സമുദായത്തിനുനേരെയാണ് അക്രമമുണ്ടായത്. മറ്റൊരു ഗോത്രവിഭാഗമായ ഡോഗോണുകളിലെ സായുധ സംഘമാണ് അക്രമം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."