ഉര്‍ദുഗാന്‍ ജൈത്രയാത്ര തുടരുമ്പോള്‍
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എതിരാളികളില്ലാതെ ജൈത്രയാത്ര തുടരുന്നു. മികച്ച ഭൂരിപക്ഷത്തിന് ഒരിക്കല്‍കൂടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ തുര്‍ക്കിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയിരിക്കുകയാണ് അദ്ദേഹം. എന്നാല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരെ പോലെ തുര്‍ക്കിയെ ഉര്‍ദുഗാന്‍ ഏകാധിപത്യ ഭരണക്രമത്തിലേക്കു നയിക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തുന്നുണ്ട്.
99 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ ഉര്‍ദുഗാന് 52.59 ശതമാനവും പ്രധാന എതിരാളി മുഹറം ഇന്‍സിന് 30.64 ശതമാനവും വോട്ടാണു ലഭിച്ചത്. മറ്റു സ്ഥാനാര്‍ഥികള്‍ക്കൊന്നും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായതുമില്ല. 64കാരനായ ഉര്‍ദുഗാന്റെ പരമാധികാരം അരക്കിട്ടുറപ്പിക്കുന്നതാണു പുതിയ തെരഞ്ഞെടുപ്പുഫലം. 2003ല്‍ പ്രധാനമന്ത്രിയായാണ് ഉര്‍ദുഗാന്‍ തുര്‍ക്കിയുടെ അമരത്തെത്തുന്നത്. 2014 വരെ പ്രധാനമന്ത്രി പദവിയില്‍ തുടര്‍ന്നു. പ്രധാനമന്ത്രി പദവിയിലെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2014ല്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു വിജയിച്ചു. കഴിഞ്ഞ വര്‍ഷം ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡന്റിന്റെ അധികാരപരിധി വര്‍ധിപ്പിക്കുകയും ചെയ്തു.
തുര്‍ക്കിയുടെ ചരിത്രത്തില്‍ ഇതാദ്യമായി പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണു നടന്നത്. പ്രസിഡന്റിന്റെ അധികാര പരിധി വര്‍ധിപ്പിച്ചതിനു ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
2019 നവംബറിലാണ് തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
പാര്‍ലമെന്റിലും
എ.കെ പാര്‍ട്ടി
600 അംഗ പാര്‍ലമെന്റില്‍ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് സഖ്യം 342 സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 53.66 ശതമാനം വോട്ടാണു മുന്നണി നേടിയത്. ഇതില്‍ എ.കെ പാര്‍ട്ടി 42.4 ശതമാനവും(293 സീറ്റുകള്‍) സഖ്യകക്ഷിയായ എം.എച്ച്.പി 11.2 ശതമാനവും സ്വന്തമാക്കി. ഇതോടെ മറ്റു പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തന്നെ സഖ്യത്തിനു സര്‍ക്കാര്‍ രൂപീകരിക്കാനാകും.
പ്രധാന പ്രതിപക്ഷ കക്ഷിയായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി(സി.എച്ച്.പി)യും നാല് ചെറുകക്ഷികളും അടങ്ങുന്ന നാഷനല്‍ സഖ്യം 34.2 ശതമാനം വോട്ട് നേടിയിട്ടുണ്ട്. ആകെ 191 സീറ്റുകളാണു മുന്നണി സ്വന്തമാക്കിയത്.
പുതിയ തുര്‍ക്കി
എങ്ങനെയാകും?
കഴിഞ്ഞ ഏപ്രില്‍ 16നു നടന്ന ജനഹിത പരിശോധനയിലൂടെയാണ് തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനം സ്വീകരിച്ചത്. തുര്‍ക്കിയുടെ ചരിത്രത്തില്‍ ഇതാദ്യമായി പരീക്ഷിക്കപ്പെടുന്ന സംവിധാനം ഞായറാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
ഇതുവരെ തുര്‍ക്കിയില്‍ ഭരണനിര്‍വഹണം പ്രസിഡന്റിനും നിയമനിര്‍മാണസഭാ മേധാവിയായ പ്രധാനമന്ത്രിക്കുമിടയില്‍ വീതംവയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍, ഇനി മുതല്‍ നിയമനിര്‍മാണസഭയും ഭരണനിര്‍വഹണ വിഭാഗവും ഒരുപോലെ പ്രസിഡന്റിന്റെ അധികാര പരിധിയിലാകും. എന്നാല്‍, ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രസിഡന്റിന് ഉത്തരവുകളിലൂടെ പുതിയ നിയമങ്ങള്‍ നടപ്പാക്കാനാകും. ഭരണനിര്‍വഹണ വിഭാഗത്തിന്റെ അടിസ്ഥാനകടമകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും മേലുള്ള നിയന്ത്രണം ഇതിനു പുറത്തായിരിക്കും.
അതേസമയം, നിയമപരമായ കാര്യങ്ങളില്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ പ്രസിഡന്റിനാകില്ല. ഒരേ വിഷയത്തില്‍ പ്രസിഡന്റും പാര്‍ലമെന്റും വ്യത്യസ്ത നിലപാട് സ്വീകരിച്ചാല്‍ പ്രസിഡന്റിന്റെ ഉത്തരവ് അസാധുവാകും. നേരത്തെ പാര്‍ലമെന്റ് തയാറാക്കിയിരുന്ന വാര്‍ഷിക ബജറ്റ് ഇനി പ്രസിഡന്റിന്റെ മേല്‍നോട്ടത്തിലായിരിക്കും തയാറാകുക. എന്നാല്‍, ബജറ്റ് പാര്‍ലമെന്റില്‍ പാസാകാതെ പ്രാബല്യത്തില്‍ വരില്ല.
ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയും എം.എച്ച്.പിയും ചേര്‍ന്നുള്ള പീപ്പിള്‍സ് സഖ്യം പാര്‍ലമെന്റിലും ഭൂരിപക്ഷം നേടിയതിനാല്‍ മേല്‍പറഞ്ഞ വിഷയങ്ങളിലൊന്നും തര്‍ക്കം ഉടലെടുക്കാന്‍ സാധ്യത കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."