ഹര്‍ത്താല്‍ അക്രമം: നേതാക്കള്‍ക്കെതിരേ കേസെടുക്കുമെന്ന് ഹൈക്കോടതിയില്‍ പൊലിസ്
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ത്താലിലെ ആക്രമങ്ങളില്‍ കേസെടുക്കാന്‍ നടപടി തുടങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ 13 ബി.ജെ.പി-ആര്.എസ്.എസ് നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ നടപടി തുടങ്ങിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്.കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.എസ് രാധാകൃഷ്ണന്, ടി.പി സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്, എം. ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍ എം.എല്‍.എ, വി മുരളീധരന് എം.പി, ആര്.എസ്.എസ് പ്രാന്ത് ചാലക് പി.ഇ.ബി മേനോന് എന്നിവരെ എല്ലാ കേസുകളിലും പ്രതിയാക്കുമെന്ന് പൊലീസ് ഹെഡ് ക്വോര്‍ട്ടേഴ്സ് എ.ഡി.ജി.പി.പി അശോക് കുമാര്‍ ഐ.പി.എസ് സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. അക്രമസംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 1097 കേസുകളിലും നേതാക്കളെ പ്രതിയാക്കുമെന്ന് പൊലിസ് ഹൈക്കോടതിയില്‍ അറിയിച്ചു.
ചില കേസുകളില്‍ ഇവരെ പ്രതിയാക്കി കോടതിയില്‍ റിപോര്‍ട്ട് നല്‍കിക്കഴിഞ്ഞു. മറ്റു കേസുകളില്‍ പ്രതിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സീനിയര്‍ ഗവ. പ്ലീഡര്‍ വി.മനു മുഖേനെ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.
നേരത്തെ ഹര്‍ത്താലിലുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കി ഇരകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബി.ജെ.പി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്.എസ്.എസ് നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."