പ്രാര്‍ഥനയ്ക്ക് സ്ഥിരം പൊലിസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: കട്ടച്ചിറ, വരിക്കോലി പള്ളികളില്‍ പ്രാര്‍ഥന നടത്താന്‍ സ്ഥിരം പൊലിസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ പൊലിസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പള്ളികളില്‍ പ്രാര്‍ഥനക്ക് സ്ഥിരം പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹരജിയാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കിയത്.
സുപ്രിംകോടതി ഉത്തരവനുസരിച്ച് പള്ളികളില്‍ പ്രാര്‍ഥന നടത്താന്‍ എത്തിയ വികാരിയെ അടക്കം യാക്കോബായ വിഭാഗം തടഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് വരിക്കോലി, കട്ടച്ചിറ പള്ളികളിലെ ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ സ്ഥിരം പൊലിസ് സുരക്ഷ നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി വിശ്വാസികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പൊലിസിനെ സമീപിക്കാമെന്നും പരാതി പരിശോധിച്ച് പൊലിസ് സുരക്ഷ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
പള്ളികളില്‍ ഇരുവിഭാഗത്തിനും ശവസംസ്‌കാരം നടത്താം. എന്നാല്‍ ഇടവക അംഗത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് പള്ളിക്കകത്ത് മരണാനന്തര ചടങ്ങുകള്‍ നടത്താനാകില്ല. പള്ളി വികാരിയായിരിക്കും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. പള്ളി വികാരി ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നാണെങ്കില്‍ യാക്കോബായ വിശ്വാസിക്ക് പള്ളിക്ക് പുറത്ത് ചടങ്ങുകള്‍ നടത്തിയതിനുശേഷം മൃതദേഹം ഇടവകയിലെ പള്ളിയില്‍ തന്നെ സംസ്‌കരിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കോടതി വ്യക്തമാക്കി.
അതേസമയം പിറവം പള്ളി തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിശ്വാസി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിലവില്‍ സമവായശ്രമം നടക്കുകയാണ്. പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളില്‍ കോടതി ഇടപെടില്ലെന്നും വിഷയത്തില്‍ സര്‍ക്കാരിന് വീണ്ടും ഒരു ഉത്തരവ് നല്‍കാന്‍ കോടതിക്ക് ആവില്ലെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."