ലോറിയിടിച്ച് സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അഞ്ച് വയസുകാരന്‍ മരിച്ചു.
വൈത്തിരി: ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ് അഞ്ച് വയസുകാരന്‍ മരണമടഞ്ഞു. വൈത്തിരി എച്ച്.ഐ.എം.യു.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയും പുല്ലത്ത് മുഹമ്മദ് റാഫിയുടെയും റസീനയുടെയും മകനുമായ റാസി മുഹമ്മദ് ഹംസയാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് പിതൃസഹോദരനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. പിതൃസഹോദരന്റെ മകനും സ്‌കൂട്ടറിലുണ്ടായിരുന്നു. ദേശീയപാതയില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്ത് ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
സ്‌കൂട്ടറിനെ മറികടന്നുപോയ ലോറി സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ റാസിക്കും പിതൃസഹോദരന്റെ പുത്രനും പരുക്കേറ്റു. ഇരുവരെയും ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് റാസി മരിച്ചത്. വൈത്തിരിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന റാസിയുടെ പിതാവ് മുഹമ്മദ് റാഫി എട്ടുമാസം മുന്‍പാണ് ഖത്തറിലേക്ക് ജോലി ആവശ്യാര്‍ഥം പോയത്. റഹ്‌സാന്‍, ഹയാന്‍ എന്നിവരാണ് റാസിയുടെ സഹോദരങ്ങള്‍. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് വൈത്തിരി പൊലിസ് അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിക്കുന്ന ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈത്തിരി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചക്ക് ഒന്നിന് ടൗണ്‍ ജുമാമസ്ജിദില്‍ ജനാസ നിസ്‌കാരം നടക്കും. ഖബറടക്കം ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."