മുന്‍ മന്ത്രി കെ. ബാബുവിന്റെ ഹരജി വിജിലന്‍സ് കോടതി തള്ളി
കേസില്‍നിന്ന് ഒഴിവാക്കണമെന്ന ഹരജിയാണ് തള്ളിയത്
മൂവാറ്റുപുഴ: അഴിമതി നിരോധന നിയമപ്രകാരം വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ. ബാബു നല്‍കിയ ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി.
കേസില്‍ നിന്നും ഒഴിവാക്കുവാന്‍ ബാബു പറഞ്ഞിരുന്ന കാര്യങ്ങള്‍ തെളിവെടുത്തു പരിശോധിക്കേണ്ടതാണെന്നുള്ള പ്രധാന കാരണം ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ജഡ്ജി ബി. കലാം പാഷ കേസ് തള്ളിയത്.
കേസില്‍ 2018 മാര്‍ച്ച് 18നാണ് കുറ്റപത്രം കോടതി മുന്‍പാകെ വിജിലന്‍സ് സമര്‍പ്പിച്ചത്. 25,82,069 രൂപയുടെ അധിക വരുമാനം ഉണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. ഇത് വരുമാനത്തിനേക്കാള്‍ 49.45 ശതമാനം വര്‍ധനയാണ്. സമന്‍സ് കിട്ടിയതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തതിനുശേഷമാണ് വിടുതല്‍ ഹരജി ഫയല്‍ ചെയ്തത്. യാത്രാ ചെലവിലും മറ്റുമായി ലഭിച്ച 40 ലക്ഷം രൂപയുടെ വരുമാനം കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നും അത് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിക്കുവാന്‍ അനുവദിക്കണമെന്നുള്ള ആവശ്യം ഹൈക്കോടതി അനുവദിച്ചതാണെന്നും ബാബു വിജിലന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മന്ത്രിയും എം.എല്‍.എയുമാകുമ്പോള്‍ ടി.എ, ഡി.എ ഇനത്തില്‍ ലഭിക്കുന്നത് വരുമാനമാണെന്നും അത് പരിഗണിച്ചാല്‍ വരുമാനത്തില്‍ കൂടുതല്‍ താന്‍ സമ്പാദിച്ചിട്ടില്ലെന്ന് മനസിലാകുമെന്നും അതിനാല്‍ കേസില്‍ നിന്നും തന്നെ വിടുതല്‍ ചെയ്യണമെന്നുമായിരുന്നു ബാബുവിന്റെ പ്രധാനമായ വാദം.
കൂടാതെ തന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം വില്‍പന നടത്തിയതിലൂടെ ലഭിച്ച തുക കണക്കിലെടുത്തില്ല. വാഹനങ്ങള്‍ ഉപയോഗിച്ചതിനുള്ള ചെലവ് കണക്കാക്കിയതില്‍ വന്ന വ്യത്യാസവും മക്കളുടെ കല്യാണവുമായി ബന്ധപ്പെട്ട സ്വര്‍ണത്തിന്റെ കണക്കിലെ തെറ്റും മറ്റും പ്രതിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഹരജി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."