കെ.ബി.പി.എസില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയത് വിദഗ്ധ സമിതി പരിശോധന നടത്താതെയെന്ന്
കാക്കനാട്: കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്) വളപ്പില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയത് വനം വകുപ്പിന്റെ വിദഗ്ധ സമിതി പരിശോധന നടത്താതെയെന്ന് പരിസ്ഥിതി പ്രവര്ത്തകന്.
പൊതു സ്ഥലങ്ങളിലെ മരങ്ങള്‍ മുറിക്കാന്‍ പരിശോധന നടത്തി അനുമതി നല്കുന്ന പരിസ്ഥിതി കമ്മിറ്റി കെ.ബി.പി.എസില്‍ പരിശോധന നടത്തിയിട്ടില്ലെന്ന് വിദഗ്ധ സമിതിയംഗം പ്രൊഫ.എസ് സീതാരാമന് പറഞ്ഞു.
370 ചെറിയ തേക്കുകളും ഏഴ് പ്ലാവുകളും 15 തെങ്ങുകളും മുറിച്ച് മാറ്റാന്‍ 2011 ഡിസംബര്‍ 14ന് എറണാകുളം സോഷ്യല്‍ ഫോറസ്ട്രീയിലെ മുന്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് അനുമതി നല്‍കിയിരുന്നത്.
തൃക്കാക്കര പ്രദേശത്ത് മരങ്ങള്‍ അന്നത്തെ മുനിസിപ്പല്‍ ചെയര്മാന് ഉള്‍പ്പെടുന്ന വനം വകുപ്പിന്റെ വിദഗ്ധ സമിതി പരിശോധന നടത്തിയാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്നായിരുന്നു കെ.ബി.പി.എസ് അധികൃതരുടെ വിശദീകരണം. എന്നാല്‍ വിദഗ്ധ സമിതിയെ നോക്ക് കുത്തിയാക്കി മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അനുമതി നല്കിയ മുന്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സീതാരാമന് വ്യക്തമാക്കി.
അതേസമയം കെ.ബി.പി.എസിലെ മരം മുറിക്കല്‍ വിവാദമായ സാഹചര്യത്തില്‍ വനം വുപ്പ് അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. എറണാകുളം റേഞ്ച് ഓഫീസര്‍ കെ.ടി ഉദയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്.
വളപ്പിലെത്തി വെട്ടിമാറ്റിയ മരങ്ങളുടെ കണക്കെടുപ്പ് നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം. രണ്ടര മാസം മുമ്പ് കൊടും വേനലിലാണ് കെ.ബി.പി.എസ് വളപ്പിലെ 395 മരങ്ങള്‍ വെട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."