ലോക്കല്‍ സെക്രട്ടറിയുടെ വോട്ട് അസാധുവായത് സി.പി.എമ്മിന് തലവേദനയായി
കുന്ദമംഗലം: പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം ലോക്കല്‍ സെക്രട്ടറിയും എല്‍.ഡി.എഫ് അംഗവുമായ എം.എം സുധീഷ്കുമാറിന്റെ വോട്ട് അസാധുവായത് സി.പി.എമ്മിന് തലവേദനായായി. യു.ഡി.എഫിന് 15ഉം എല്‍.ഡി.എഫിന് എട്ടും അംങ്ങളാണുള്ളത്.
വൈസ് പ്രസിഡന്റായി മത്സരിച്ച സി.പി.എമ്മിലെ പി. പവിത്രനുള്ള വോട്ടാണ് സുധീഷ്കുമാര്‍ അസാധുവാക്കിയത്. ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിന് നേരെ ഇന്റു മാര്‍ക്കും മറുപുറത്ത് വോട്ടറുടെ ഒപ്പും രേഖപ്പെടുത്തണമെന്നതാണ് നിയമം. റിട്ടേണിങ് ഓഫിസറായ കൃഷി അസി. ഡയറക്ടര്‍ മീന വോട്ടിങ്ങിനെ കുറിച്ച് നിര്‍ദേശങ്ങള്‍ നല്കുമ്പോള് തങ്ങള്‍ പലപ്രാവശ്യം ചെയ്തതാണെന്നും എല്ലാം അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നുവത്രെ.
സ്ഥാനാര്‍ഥിയുടെ പേരിനുനേരെ ഇന്റുമാര്ക്ക് ചെയ്യേണ്ട സ്ഥാനത്ത് ഒപ്പും ഒപ്പ് വയ്ക്കേണ്ട സ്ഥലത്ത് ഇന്റു മാര്‍ക്കും ചെയ്തു. അബദ്ധം മനസിലായ സുധീഷ്കുമാര്‍ മറ്റൊരു ബാലറ്റ് പേപ്പര്‍ കൂടി ചോദിച്ചെങ്കിലും യു.ഡി.എഫ് അംഗങ്ങള്‍ തര്‍ക്കം ഉന്നയിച്ചതോടെ റിട്ടേണിങ് ഓഫിസര്‍ മേലധികാരികളുടെ നിയമോപദേശം തേടിയതിനു ശേഷം തെറ്റായി ചെയ്ത വോട്ട് അസാധുവായി പ്രഖ്യാപിച്ചു. ഇതോടെ എല്‍.ഡി.എഫ് അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
റിട്ടേണിങ് ഓഫിസറുടെ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്ന് പ്രഖ്യാപിച്ച് സി.പി.എം നേതാക്കള്‍ അണികള്‍ക്കിടയില്‍നിന്ന് തല്ക്കാലം മുഖംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."