യുവതിയോടൊപ്പം ഉണ്ടായിരുന്നത് സ്വന്തം കുഞ്ഞുതന്നെ
കാസര്‍കോട്: ട്രെയിനില്‍ ഭിക്ഷാടനം നടത്തിയതിനു കാസര്‍കോട് റെയില്‍വേ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി.എന്‍.എ ഫലം പുറത്തുവന്നു. ഭിക്ഷാടനത്തിനും മനുഷ്യക്കടത്തിനുമായി റെയില്‍വേ പൊലിസ് അറസ്റ്റു ചെയ്ത യുവതിക്കൊപ്പമുണ്ടായിരുന്നത് സ്വന്തം കുഞ്ഞുതന്നെയാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. ഏറെ വിവാദമായ ഈ കേസില്‍ യുവതിക്കെതിരേ ചുമത്തിയ മനുഷ്യക്കടത്തിനുള്ള വകുപ്പ് പൊലിസിനു പിന്‍വലിക്കേണ്ടി വരും.
മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിനിയായ 30 കാരിയെയും യുവതിയേയാണ് മെയ് 10 നാണ് കാസര്‍കോട് വനിതാ സി.ഐയുടെ പരാതിയില്‍ റെയില്‍വേ പൊലിസ് കുഞ്ഞിനോടൊപ്പം അറസ്റ്റു ചെയ്തത്.
മനുഷ്യക്കടത്തടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മനുഷ്യക്കടത്തു തെളിയിക്കാന്‍ യുവതിയുടെ കൂടെയുള്ളത് അവരുടെ കുഞ്ഞല്ലെന്നു തെളിയിക്കേണ്ടിയിരുന്നു. ഇതിനായാണ് പൊലിസ് തിരുവനന്തപുരത്തെ ലാബിലേക്ക് ഡി.എന്‍.എ പരിശോധനക്കായി യുവതിയുടെയും കുഞ്ഞിന്റെയും രക്ത സാമ്പിളുകള്‍ അയച്ചത്. കഴിഞ്ഞ ദിവസം ഇതിന്റെ പരിശോധനാ ഫലം പൊലിസിനു ലഭിച്ചു. ഇതിലാണ് യുവതിയുടെ കുഞ്ഞുതന്നെയാണെന്ന് വ്യക്തമായത്. മനുഷ്യക്കടത്തല്ലെന്നു വ്യക്തമായതോടെ ബാലഭിക്ഷാടനത്തിനു മാത്രമായിരിക്കും കേസ്.
വനിതാ സി.ഐ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കസ്റ്റഡിയിലെടുത്തു റെയില്‍വേ പൊലിസിനു കൈമാറിയ യുവതിയെയും കുഞ്ഞിനെയും പ്രാഥമിക പരിശോധനയ്ക്കു ശേഷം വിട്ടയച്ചിരുന്നു.
എന്നാല്‍ മനുഷ്യക്കടത്തടക്കമുള്ള സംഭവം ആവര്‍ത്തിക്കുന്ന സമയത്ത് യുവതിയെയും കുഞ്ഞിനെയും വിട്ടയച്ചത് വിവാദമാവുകയും വനിതാ സി.ഐ വിശദമായ പരാതി മേലുദ്യേഗസ്ഥരെ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവതിയെയും കുഞ്ഞിനെയും കസ്റ്റഡിയിലെടുത്ത് റെയില്‍വേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."