മതനിന്ദ: സഊദി സര്‍വകലാശാലയില്‍നിന്ന് പിരിച്ചുവിട്ട പ്രൊഫസര്‍ ഇന്ത്യക്കാരന്‍
സ്വന്തം ലേഖകന്‍
റിയാദ്: മതനിന്ദയുടെ പേരില്‍ സഊദിയില്‍ ഉന്നത ജോലി നഷ്ടമായ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ പ്രൊഫസര്‍ ആണെന്ന് സൂചന. മുസ്‌ലിംകളെ ഇകഴ്ത്തി പോസ്റ്റിട്ട ഇന്ത്യന്‍ പ്രൊഫസര്‍ നീരജ് ബേദിയെയാണ് സര്‍വകലാശാല അധികൃതര്‍ പുറത്താക്കിയതെന്നാണ് വിവരം. പ്രൊഫസറെ പുറത്താക്കിയതായി സര്‍വകലാശാല ട്വിറ്ററില്‍ അറിയിച്ചെങ്കിലും ഇയാളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ സര്‍വകലാശാലയുടെ ട്വിറ്റര്‍ മെസ്സേജിന് താഴെ നീരജ് ബേദി എന്ന ഇന്ത്യന്‍ പ്രൊഫസറുടെ വര്‍ഗീയപരാമര്‍ശമുള്ള ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളുമായി നിരവധി പേര്‍ കമന്റ് രേഖപ്പെടുത്തിയതോടെയാണ് പിരിച്ചുവിടപ്പെട്ട പ്രൊഫസര്‍ ഇന്ത്യക്കാരനാണെന്ന് വ്യക്തമായത്.
തീവ്രവാദത്തെയും ഭീകര വാദത്തെയും ഇസ്‌ലാം മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആരോപണങ്ങളാണ് പ്രൊഫസര്‍ പങ്കുവച്ചത്. സര്‍ക്കാര്‍ സര്‍വകലാശാലയില്‍ ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും പറ്റി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി ജോലി ചെയ്യുന്ന വിദേശ പ്രൊഫസറെയാണ് മതനിന്ദ നടത്തിയതിന് പിരിച്ചുവിട്ടതെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. സഊദിയുടെ നയവിരുദ്ധമായ, തീവ്രവാദ, ചട്ടവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജിസാന്‍ സര്‍വകലാശാല വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
ഇസ്‌ലാം മതത്തെ മോശമായി ചിത്രീകരിച്ചും, നരേന്ദ്രമോദിയെ പുകഴ്ത്തിയും, കൊവിഡ് പരത്തിയത് മുസ്‌ലിംകളാണ് എന്ന രീതിയിലുമുള്ള മെസ്സേജുകളാണ് ഇയാള്‍ പോസ്റ്റ് ചെയ്തതായി പറയുന്ന സ്‌ക്രീന്‍ഷോട്ടുകളിലുള്ളത്. മാത്രമല്ല ഇയാളുടെ ട്വിറ്റര്‍ അകൗണ്ടില്‍ മുസ്‌ലിംകള്‍ക്കെതിരെ നിരവധി പരാമര്‍ശങ്ങളും പലപ്പോഴായി ഉപയോഗിച്ചതിന്റെയും സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. അതേസമയം, ഇയാളുടെ പേരില്‍ പ്രചരിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്ത ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. പ്രതിഷേധം കനത്തതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നാണ് കരുതുന്നത്. ഇയാളുടെ വര്‍ഗീയത പടര്‍ത്തുന്ന പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍വകലാശാലയുടെ ശ്രദ്ധയില്‍ പെട്ടതും നീരജിനെതിരേ നടപടിയെടുത്തതും. സഊദിയില്‍ ആദ്യമായാണ് ഉയര്‍ന്ന ജോലിയിലിരിക്കുന്ന ഒരു ഇന്ത്യക്കാരന്‍ വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ നടപടി നേരിടുന്നത്.
ജിസാന്‍ യൂനിവേഴ്‌സിറ്റിയില്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവിയായി ജോലി ചെയ്തിരുന്ന ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറച്ചു നല്‍കിയിരുന്നതായും പരാതിയുണ്ട്. അതേസമയം, ജോലിയില്‍ നിന്നു പിരിച്ചു വിട്ടെങ്കിലും ഇയാള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."