സുഭിക്ഷ കേരളം പദ്ധതി സഹ. സ്ഥാപനങ്ങള്‍ക്ക് മാര്‍ഗരേഖ തയാറായി
തൊടുപുഴ: കൊവിഡ്- 19 മുന്‍നിര്‍ത്തിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴില്‍ കുറഞ്ഞത് ഒരു മാതൃകാ കൃഷിത്തോട്ട(കുറഞ്ഞത് 50 സെന്റ് സ്ഥലം)മെങ്കിലും ആ സ്ഥലത്തെ സഹകരണ സ്ഥാപനം നേരിട്ടു സജ്ജീകരിച്ച് പരിപാലിക്കണമെന്നാണ് നിര്‍ദേശം.
സഹകരണ സ്ഥാപനത്തിന്റെ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, അംഗങ്ങള്‍ എന്നിവരുടെ സന്നദ്ധ സേവനം തോട്ടത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണം. പദ്ധതിയുടെ കീഴില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വാശ്രയ ഗ്രൂപ്പുകള്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ എന്നിവ രൂപീകരിക്കണം. വിത്ത്, വളം, ജൈവവളങ്ങള്‍, കീടനാശിനികള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവ കാര്‍ഷിക സേവന കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാക്കണം. കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ നിലവിലില്ലെങ്കില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നോ മറ്റു സ്ഥാപനങ്ങളില്‍ നിന്നോ ഇത്തരം സാമഗ്രികള്‍ ലഭ്യമാക്കാനുള്ള വായ്പ സഹകരണ സംഘം ഉറപ്പാക്കണം.
പദ്ധതി പ്രകാരം ഉല്പാദിപ്പിക്കുന്ന കാര്ഷികോല്പന്നങ്ങള് സംഭരിക്കാനും തരംതിരിച്ച് പായ്ക്ക് ചെയ്യാനും വിപണനം നടത്താനും സഹകരണ സ്ഥാപനങ്ങള്‍ സൗകര്യമൊരുക്കണം. ജൈവവളങ്ങള്‍ പ്രാദേശിക തലത്തില്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ നടത്തണം.
കൂടുതല്‍ ഉല്പാദനം നടക്കുന്ന സ്ഥലത്ത് അവ നശിച്ചുപോകാതിരിക്കാന്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനമൊരുക്കണം.
സാധ്യമായ എല്ലാ ഉല്പന്നങ്ങളുടെയും മൂല്യവര്‍ധിത ഉല്പന്നങ്ങള് ഉണ്ടാക്കാനും അവ വിപണനം നടത്താനും സജ്ജീകരണങ്ങള്‍ ഏര്‍പെടുത്തണമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ എ. അലക്സാണ്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."