മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല ചികിത്സാ സേവനം നാളെ മുതല്‍
കൊല്ലം: മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല ചികിത്സാസേവനം നാളെ മുതല്‍ ജില്ലയില്‍ ലഭ്യമാകും. ഇതോടൊപ്പം ജില്ലാ പഞ്ചായത്ത് ബ്ലോക്ക്തലത്തില്‍ നടപ്പിലാക്കുന്ന ചികിത്സാ ക്യാംപുകള്‍ക്കും തുടക്കമാകും. പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കരുനാഗപ്പള്ളി തോപ്പില്‍ ഫാംസില്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും.
ആദ്യഘട്ടത്തില്‍ ഓച്ചിറ ബ്ലോക്കിലാണ് രാത്രികാല സേവനം നല്‍കുക. തുടര്‍ന്ന് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, തൊടിയൂര്‍, തഴവ, കുലശേഖരപുരം, ആലപ്പാട്, ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകള്‍, ചടയമംഗലം, വെട്ടിക്കവല, കൊട്ടാരക്കര, പുനലൂര്‍, ശാസ്താംകോട്ട, അഞ്ചല്‍, ഇത്തിക്കര, ബ്ലോക്കുകള്‍ എന്നിവിടങ്ങളിലും ആരംഭിക്കും. എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയാണ് സേവനം.
ജില്ലയിലെ ക്ഷീരസംഘങ്ങളും, ഫാമുകളും കേന്ദ്രീകരിച്ചാണ് മൃഗസംരക്ഷണ ക്യാമ്പുകള്‍ നടത്തുക. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ വെറ്ററിനറി യൂനിറ്റിനെ ഇതിനായി ചുമതലപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട ക്ഷീര സംഘങ്ങളില്‍ മാസംതോറുമുള്ള ക്യാംപുകളിലൂടെ സൗജന്യമായി മരുന്നുകള്‍ നല്‍കുന്നുമുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ക്കുള്ള സിം കാര്‍ഡ് വിതരണം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് നിര്‍വഹിക്കും. ക്യാംപിലേക്കുള്ള വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം. ശോഭനയും മരുന്നു വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷാ ശശിധരനും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."