കല്ലുരുട്ടി നാടകം: ഒരു തിരിഞ്ഞുനോട്ടം
കൊല്ലം: വടക്കേ മലബാറിലെ മാവിലരുടെ ഇടയില്‍ പ്രചാരമുള്ള പഴംകഥയുടെ നാടകാവിഷ്‌ക്കാരമാണ് 'കല്ലുരുട്ടി'. മാവില കന്യകയായ കല്ലുരുട്ടി പ്രകൃതിയുടെ ഓമന സന്തതിയാണ്. അത് പ്രകൃതി തന്നെയാണെന്നും പറയാം. തന്റെ കൈയിലെ കല്ലുരുട്ടുമ്പോള്‍ പ്രകൃതി അവള്‍ക്ക് സഹായകമായി ചലിക്കുന്നു.
ആരെങ്കിലും അവളോട് അപമര്യാദയായി പെരുമാറിയാല്‍ പ്രകൃതി കോപകലുഷയായി പെരുമാറും. കല്ലരുട്ടിക്ക് രണ്ടു മൂത്ത സഹോദരന്‍മാരുണ്ട്. ഇരുവര്‍ക്കും ഒരേ പേരാണ്, പഞ്ചുരുളികള്‍. ഇരുവരും ഒരുപോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നു. ആദിവാസി ഗ്രാമത്തില്‍ മൂവരും സ്‌നേഹമായി കഴിയുന്നു. സഹോദരന്‍മാര്‍ ഒരിക്കലും കൊച്ചുപെങ്ങളെ വിട്ടുപോകില്ല. ഉഗ്രാണി നാടുവാഴുന്നവരുടെ വിശ്വസ്തനും ചെറുകിടയില്‍പ്പെട്ട ഉദ്യോഗസ്ഥനുമാണ്. ആദിവാസികള്‍ പാര്‍ക്കുന്ന കാടിനെ പരിഷ്‌കൃത സമൂഹത്തില്‍നിന്നു വേര്‍തിരിക്കുന്ന ഒരു നദിയുണ്ട്. അവിടെ തൃക്കണ്ണിക്കടവത്തെ കടത്തുകാരനാണ് അന്തോണി. കടത്തുവള്ളം കടന്ന് ഒരിക്കല്‍ ഉഗ്രാണി പരിഷ്‌കൃത സമൂഹത്തില്‍നിന്നു ഇക്കരയെത്തുന്നതോടെ ആദിവാസികള്‍ക്കിടയിലുണ്ടായിരുന്ന ശാന്തതക്ക് ഇളക്കം തട്ടുന്നു. പഞ്ചുരുളികളുടെ സഹായത്തോടെ ഇയാള്‍ കാട്ടില്‍ രഹസ്യമായി കഞ്ചാവ് കൃഷി നടത്താനും തുടങ്ങി.
പഞ്ചുരുളികളെ കഞ്ചാവ് വില്‍പ്പനക്ക് ഇയാള്‍ കരുവാക്കുന്നു. സാധുക്കളായ ഇവര്‍ ഉദ്യോഗസ്ഥന്റെ കാരുണ്യത്തില്‍ ഏതുവേലക്കും നിര്‍ബന്ധിതരാകുന്നു. കല്ലുരുട്ടിയുമായി അവിഹിത ബന്ധം കൊതിക്കുന്ന ഉഗ്രാണി, തന്റെ ആ വഴിക്കുള്ള പരിശ്രമങ്ങളില്‍ പരാജിതനാകുമ്പോള്‍ അവളോട് പകരം വീട്ടാന്‍ ശ്രമിക്കുന്നു.
കഞ്ചാവുമായി ചുങ്കത്തിലെത്തുന്ന പഞ്ചുരുളികളെ ഉഗ്രാണിയുടെ കോട്ടയില്‍ ബന്ധനസ്ഥരാക്കിയാണ് ഉഗ്രാണി കല്ലുരുട്ടിയോടുള്ള വൈരാഗ്യം വീട്ടാനൊരുങ്ങുന്നത്. സഹോദരന്‍മാരെ കാണാതായതിനെ തുടര്‍ന്ന് കല്ലുരുട്ടി കടത്തുകടന്ന് അവരെ അന്വേഷിച്ച് പുറപ്പെടുന്നു. തുടര്‍ന്ന് അവള്‍ തന്റെ മന്ത്രശക്തിയാല്‍ അവരെ സ്വതന്ത്രരാക്കുന്നു. കല്ലുരുട്ടിയെ സ്വന്തമാക്കാന്‍ ഉമ്പ്രാശ്ശന്‍ എന്ന മന്ത്രവാദിയുടെ സഹായത്തോടെ ഉഗ്രാണി ചെയ്യുന്ന ആഭിചാരത്തെ അവള്‍, കല്ലുരുട്ടിക്കൊണ്ട് പ്രതിരോധിക്കുന്നു. സ്വന്തം ചാരിത്ര്യം സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ അവള്‍ മരിക്കുകയും തെയ്യമായി മാറുകയും ചെയ്യുന്നതോടെ നാടകത്തിന് തിരശ്ശീല വീഴും.
കല്ലുരുട്ടിയായി മോഹിനി വിജയനും പഞ്ചുരുളികളായി കൃഷ്ണന്‍ ബാലകൃഷ്ണ്‍,ബോസ് വിദ്യാധര്‍,ഉഗ്രാണിയായി ഗിരീഷ് വി,ചുങ്കക്കാരനായി സജിയും ഉമ്പ്രാശ്ശനായയി ശിവകുമാര്‍ കെ, അന്തോണിയായി മനേക്ഷാ കെ.എസ് എന്നിവര്‍ രംഗത്തെത്തുമ്പോള്‍ പാട്ടുകാരായി ഷാരോണ്‍ വി.എസ്, ജയചന്ദ്രന്‍നായര്‍, അനന്തു, ഹരി, അഖില്‍ എന്നിവരാണ് പിന്നണിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."