കാനത്തിനെതിരേ ഇ.പി ജയരാജന്റെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: പൊലിസിനും ആഭ്യന്തര വകുപ്പിനും നേരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ വിമര്‍ശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍. കാനത്തിന്റെ ജല്‍പ്പനങ്ങള്‍ ഇടതുപക്ഷ മനസുള്ളവര്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നതല്ലെന്നു ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചാണ് ഇ.പി ജയരാജന്‍ രംഗത്തെത്തിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ല. എല്‍.ഡി.എഫ് നയം പറയേണ്ടത് മുന്നണി ചര്‍ച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയില്‍ എടുക്കില്ല എന്നോ എടുക്കും എന്നോ മുന്‍കൂര്‍ തീരുമാനിക്കാനുള്ള അധികാരം കാനത്തിനില്ല. മുന്നണിക്കകത്തു യുക്തമായ വേദിയില്‍ അവതരിപ്പിക്കുന്നതിന് പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ ചാംപ്യന്‍ഷിപ്പ് നേടാന്‍ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ല.
എല്‍.ഡി.എഫ് സര്‍ക്കാരാണ് ഭരിക്കുന്നത്. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ വകുപ്പിനെയും ഘടകകക്ഷി നേതാവ് തന്നെ പരസ്യമായി ആക്ഷേപിക്കുന്നത് അപലപനീയമാണ്. മുന്നണി മര്യാദ പാലിക്കാതെ കാനം നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങള്‍ വേണ്ടി വരുന്നതെന്ന് ജയരാജന്‍ വ്യക്തമാക്കുന്നു.
ഡി.ജി.പിയുടെ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറാന്‍ പുറപ്പെട്ടവരെ ന്യായീകരിക്കാന്‍ എന്താണ് ന്യായം? വി.എസിനെ പരസ്യമായി അപകീര്‍ത്തിപ്പെടുത്താന്‍ തുനിഞ്ഞിറങ്ങി വി.എസിനെ സൃഷ്ടിച്ചത് താനാണെന്ന് അവകാശപ്പെട്ടു പരിഹാസ്യനായ ഷാജഹാന്റെ പുതിയ അട്ടിമറിപ്പണിക്ക് കാനം എന്തിനാണ് ചൂട്ടു പിടിക്കുന്നത്? ഇ.പി ചോദിച്ചു.
വ്യത്യസ്തനാണെന്ന് തെളിയിക്കാന്‍ അഭിനയം നടത്തുന്നവരുണ്ടാകാം. കാനം അക്കൂട്ടത്തില്‍ അല്ല എന്ന് കരുതാനാണ് ഇഷ്ടമെന്നും ഇ.പി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."