തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: 50 ശതമാനം വിവിപാറ്റുകള്‍ എണ്ണാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ ഹരജിയില്‍ സുപ്രിംകോടതി നോട്ടിസയച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 25ന് മുന്‍പ് മറുപടി നല്‍കണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഏതെങ്കിലും ബൂത്തിലെ വിവിപാറ്റുകള്‍ എണ്ണുകയാണ് നിലവിലെ രീതി. ഇങ്ങനെയാവുമ്പോള്‍ 0.44 ശതമാനം വിവിപാറ്റുകള്‍ മാത്രമേ എണ്ണാനാവൂ. ഇത് ഈ യന്ത്രത്തിന്റെ യഥാര്‍ഥ ലക്ഷ്യം ഉറപ്പാക്കുന്നില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് നീതിപൂര്‍വമാണെന്ന് ഉറപ്പാക്കണമെങ്കില്‍ 50 ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണം. സുബ്രഹ്മണ്യന് സ്വാമിയും തെരഞ്ഞെടുപ്പു കമ്മീഷനും തമ്മിലുള്ള കേസില്‍ 2013ല്‍ ഇത്തരത്തിലുള്ള നിര്‍ദേശം കോടതി പുറപ്പെടുവിച്ചിരുന്നതായും ഹരജി ചൂണ്ടിക്കാട്ടി.
ചന്ദ്രബാബുനായിഡു (ടി.ഡി.പി), ശരത്പവാര്‍ (എന്‍.സി.പി), കെ.സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ഡെറിക് ഒബ്രയാന് (ടി.എം.സി), ശരത് യാദവ്(എല്‍.ടി.ജെ.ഡി), അഖിലേഷ് യാദവ്(എസ്.പി), സതീഷ് ചന്ദ്രമിശ്ര (ബി.എസ്.പി), എം.കെ സ്റ്റാലിന്(ഡി.എം.കെ), ടി.കെ രംഗരാജന്(സി.പി.എം), എസ്. സുധാകര്‍ റെഢ്ഢി.(സി.പി.ഐ), മനോജ്കുമാര്‍ ഝാ(ആര്.ജെ.ഡി), അരവിന്ദ് കെജ്രിവാള് (എ.എ.പി), കെ. ഡാനിഷ് അലി(ആര്.ജെ.ഡി), ഫാറുഖ് അബ്ദുല്ല(എന്‍.സി), അജിത് സിങ്(ആര്.എല്‍.ഡി), ബദറുദ്ദീന്‍ അജ്്മല്‍(എ.ഐ.യു.ഡി.എഫ്), ജിതിന് റാം മാഞ്ചി (എച്ച്.എ.എം), അശോക് കുമാര്‍(ജെ.വി.എം), ഖുറം അനിസ് ഉമര്‍ (മുസ്ലിംലീഗ്), പ്രൊഫ. കോഡനഡ്റം (ടി.ജെ.എസ്), കെ.ജി കെന്യെ(എന്‍.പി.എഫ്) എന്നിവരാണ് ഹരജിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."