കാട്ടുമൃഗങ്ങള്‍ക്ക് കുടിവെള്ളം; പെണ്‍കരുത്തില്‍ ജലാശയം നിര്‍മിച്ചു
കുറ്റ്യാടി: കടുത്ത വേനലില്‍ കുടിവെള്ളം ലഭിക്കാതെ നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങള്‍ക്ക് പെണ്‍കരുത്തിന്റെ കൂട്ടായ്മയില്‍ ജലാശയം നിര്‍മിച്ചു. മരുതോങ്കര പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 400 ഏക്കറിലേറെ വ്യാപിച്ചു കിടക്കുന്ന ജാനകിക്കാട്ടില്‍ ജലാശയം നിര്‍മിച്ചത്.
വേനല്‍ക്കാലത്ത് ജാനകിക്കാട്ടില്നിന്ന് കാട്ടുപന്നി, കാട്ടുകുരങ്ങ്, കാട്ടുപൂച്ച, മുള്ളന്‍പന്നി, മലയണ്ണാന്, വിവിധതരം പക്ഷിമൃഗാദികള്‍ കുടിവെള്ളം തേടി നാട്ടിലിറങ്ങുക പതിവായിരുന്നു. ഇതു ജനങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയായ സാഹചര്യത്തിലാണ് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജാനകിക്കാട്ടില്‍ ജലാശയം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
12 മീറ്റര്‍ നീളവും എട്ടു മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ താഴ്ചയിലും നിര്‍മിച്ച ജലാശയത്തില്‍ മൃഗങ്ങള്ക്കിറങ്ങി വെള്ളം കുടിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. 57,000 രൂപ ചെലവില്‍ പത്തു സ്ത്രീകളും രണ്ടു പുരുഷന്മാരും ചേര്‍ന്ന് 230 തൊഴില്‍ദിനങ്ങള്‍ കൊണ്ടാണ് ജലാശയ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടാമത്തെ ജലാശയം ഏപ്രില്‍ മധ്യത്തോടെ പൂര്‍ത്തിയാവുമെന്ന് വാര്‍ഡ് മെമ്പര്‍ കെ.ടി മുരളി പറഞ്ഞു. ജാനകിക്കാടിനെ സംരക്ഷിക്കാനും കാട്ടുമൃഗങ്ങള്‍ നാശം വിതക്കുന്നത് ഒരു പരിധിവരെ തടയാനും പദ്ധതി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."