മലപ്പുറത്ത് മുസ് ലിം ലീഗിന് സ്ഥാനാര്‍ഥിയെ വേണം..!
മലപ്പുറം: മലപ്പുറം മണ്ഡലത്തിലേക്ക് മുസ്‌ലിം ലീഗിനു 'സ്ഥാനാര്‍ഥിയെ ആവശ്യമുണ്ട്'. ഇതു പത്രപ്പരസ്യമാണ്. 1950ല്‍, മദ്രാസ് സംസ്ഥാന നിയമസഭയിലേക്ക് നടന്ന ഉപതരെഞ്ഞെടുപ്പിനു മലപ്പുറത്തേക്ക് ലീഗിനു സ്ഥാനാര്‍ഥിയെ തേടി ഡെക്കാണ്‍ ഹെറാള്‍ഡ് പത്രത്തില്‍ വന്ന പരസ്യം .
ദ്വയാംഗത്വ മണ്ഡലമായ മലപ്പുറം അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ തലേവര്‍ഷം 1946ല്‍ നടന്ന മദ്രാസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം സീതി സാഹിബ്, കൊയപ്പത്തൊടി അഹ്മദ്കുട്ടി ഹാജി എന്നിവരായിരുന്നു മലപ്പുറം ദ്വയാംഗ മണ്ഡലത്തില്‍നിന്ന് ജയിച്ച ലീഗുകാര്‍. പിന്നീട് കൊയപ്പത്തൊടി അഹ്മദ്കുട്ടി ഹാജി നിര്യാതനായ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
1950 ഒക്ടോബര്‍ 28നായിരുന്നു തെരഞ്ഞെടുപ്പ്. മത്സരിക്കാന്‍ പാര്‍ട്ടി പലരെയും സമീപിച്ചു. ആളെ കിട്ടാതെ വന്നതോടെ മദ്രാസ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പത്രപ്പരസ്യം കൊടുക്കുകയായിരുന്നു. എന്നിട്ടും ആളു വന്നില്ല. പാര്‍ട്ടി നേതാക്കള്‍ മഞ്ചേരി ഫാത്വിമ പ്രസില്‍ യോഗം ചേര്‍ന്നു. സ്ഥാനാര്‍ഥിയാവണമെന്ന നിര്‍ബന്ധത്തിനൊടുവില്‍ എം.പി.എ ഹസന്‍ കുട്ടി കുരിക്കള്‍ നാമനിര്‍ദേശ പത്രിക നല്‍കി. പ്രചാരണത്തിനു ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാഈദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് എത്തി. 7,754 വോട്ട് നേടി ആ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി വിജയിച്ചു. മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍ക്ക് യഥാക്രമം 290, 214 വോട്ടുകളും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."