കോര്‍പറേറ്റുകളുടെ വയറുനിറയ്ക്കുന്ന ആത്മനിര്‍ഭര്‍
ഇന്റര്‍നാഷനല്‍ ലൈഫ് ആന്‍ഡ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എല്‍.എസ്.ഐ) എന്നത് അത്ര അപകടം തോന്നിക്കുന്ന പേരല്ല. അമേരിക്കയിലെ സന്നദ്ധ സംഘടനയാണ്. എന്നാല്‍, ബോസ്റ്റന്‍ ആസ്ഥാനമായുള്ള കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഓര്‍ഗനൈസേഷന്‍ ഐ.എല്‍.എസ്.ഐയെക്കുറിച്ച് 'പാര്‍ട്ടണര്‍ഷിപ് ഫോര്‍ അണ്‍ഹെല്‍ത്തി പ്ലാന്റ് ' എന്നൊരു 36 പേജ് വരുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഐ.എല്‍.എസ്.ഐ എങ്ങനെയാണ് രാജ്യങ്ങളുടെ ഭക്ഷ്യനയത്തെ സ്വാധീനിക്കുകയും പോഷകാഹാര പദ്ധതിയെ അട്ടിമറിക്കുകയും കൊക്കക്കോള, മക്‌ഡൊണാള്‍ഡ്, പെപ്‌സിക്കോ, കെല്ലഗീസ്, റെഡ്ബുള്‍, യൂനിലിവര്‍ തുടങ്ങിയ അന്താരാഷ്ട്ര ഭീമന്‍മാര്‍ക്ക് കടന്നുവരാന്‍ ലോബിയിങ് നടത്തുകയും ചെയ്യുന്നുവെന്നത് സംബന്ധിച്ചാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി ആത്മനിര്‍ഭറിനെക്കുറിച്ച് തുടര്‍ച്ചയായി സംസാരിക്കുന്ന 130 കോടി ജനങ്ങളുള്ള ഇന്ത്യയാണ് ഐ.എല്‍.എസ്.ഐ കാണുന്ന ഏറ്റവും മികച്ച വിപണി. ഭക്ഷ്യമേഖലയില്‍ നാം എത്രത്തോളം സ്വയംപര്യാപ്തമാണെന്ന ചോദ്യത്തിന് ഈ റിപ്പോര്‍ട്ടില്‍ ഉത്തരമുണ്ട്. ഇന്ത്യന്‍ ഭക്ഷ്യവിപണിയുടെ വലിയൊരു വിഭാഗം വിദേശ കോര്‍പറേറ്റുകളുടെ കൈയിലാണ്. അതിന് ഇടനിലയായി നില്‍ക്കുന്നത് സര്‍ക്കാര്‍ സംവിധാനം തന്നെയാണ്. ഈ കോര്‍പറേറ്റ് ഇടപെടലുകളെ അതേപടി നിര്‍ത്തിയാണ് മോദി സര്‍ക്കാര്‍ ആത്മനിര്‍ഭറിനെക്കുറിച്ച് സംസാരിച്ച് രാജ്യത്തെ ജനങ്ങളെ പരിഹസിക്കുന്നത്.
നിര്‍മലാ സീരിയല്‍ അവസാനിച്ചപ്പോള്‍ പാവപ്പെട്ടവരുടെ മുറിവില്‍ ഉപ്പുതേക്കുന്ന പരിപാടി മാത്രമാണ് ബാക്കിയായതെന്ന്, അഞ്ചു ദിവസം നീണ്ട കൊവിഡ് പാക്കേജ് പ്രഖ്യാപനത്തെ പരിഹസിച്ചത് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയാണ്. സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ 20 ലക്ഷം കോടിയുടെ പാക്കേജില്‍ രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പലായനം തുടരുന്ന കുടിയേറ്റത്തൊഴിലാളികള്‍ക്കായി ആകെയുള്ളത് രണ്ടു മാസത്തേക്ക് 10 കിലോ ധാന്യവും രണ്ടു കിലോ ഗോതമ്പും മാത്രമാണ്. ബാക്കിയെല്ലാം രാജ്യത്തെയും പുറത്തെയും കോര്‍പറേറ്റുകള്‍ക്കുള്ളതാണ്. 40ലധികം പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ എന്താണ് നടന്നതെന്ന ചോദ്യത്തിന് വിറ്റഴിക്കല്‍ എന്ന് മാത്രമാണ് ഉത്തരം.
പ്രതിരോധ മേഖലയില്‍ 74 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നത് എങ്ങനെയാണ് സ്വയംപര്യാപ്തതയെ സഹായിക്കുകയെന്ന ചോദ്യത്തിന് റാഫേല്‍ ചോദ്യങ്ങള്‍ പോലെ തന്നെ ഉത്തരമുണ്ടാവില്ല. 20 ലക്ഷം കോടിയുടെ പ്രഖ്യാപനം പൂര്‍ത്തിയായതോടെ ഒന്നുറപ്പാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇനിയധികമൊന്നും ബാക്കിയുണ്ടാകില്ല. പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് പുതിയ നയം കൊണ്ടുവരുന്നതോടെ തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കും. തന്ത്രപ്രധാന മേഖലകളില്‍ പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം നിലനിര്‍ത്തും. ബാക്കിയെല്ലാം സ്വകാര്യ മേഖലയ്ക്ക് വില്‍ക്കും. ഫലത്തില്‍ എല്ലാ മേഖലയും സ്വകാര്യ മേഖലയിലെത്തും.
കല്‍ക്കരി, ധാതുക്കള്‍, വ്യോമയാനം, ബഹിരാകാശം, ആണവോര്‍ജം, വിമാനത്താവളങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം എന്നീ ഏഴു മേഖലയിലും സ്വകാര്യവത്കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ് തടയുന്ന നിയമത്തില്‍ പ്രഖ്യാപിച്ച ഭേദഗതി വന്‍തോതില്‍ പൂഴ്ത്തിവയ്പുണ്ടാകുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നതുമാണ്. കൊവിഡിനെക്കാള്‍ വലിയ ദുരന്തമാണ് വരാന്‍പോകുന്നതെന്ന് സാരം. കൊവിഡ് കാലത്ത് പോലും കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ വിഴുങ്ങാന്‍ സഹായിക്കും വിധം പദ്ധതികള്‍ തയ്യാറാക്കുന്നത് ആരാണെന്ന ചോദ്യത്തിന് ഇത്തരംതേടി ഐ.എല്‍.എസ്.ഐയെ സംബന്ധിച്ച കഥയിലേക്ക് വരാം.
ഇന്ത്യയുടെ ഭക്ഷ്യനയത്തെയും വിപണിയെയും ഐ.എല്‍.എസ്.ഐ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അനാരോഗ്യകരമായ ഭക്ഷണരീതി കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നും കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. കൊക്കക്കോള ഇന്ത്യയില്‍ വിപണി പിടിച്ച ശേഷം 70 മില്യന്‍ ഇന്ത്യക്കാര്‍ ഡയബറ്റിസ് ഉള്‍പ്പെടെയുള്ള രോഗികളായി. കൊക്കക്കോള പോലുള്ള ഉല്‍പന്നങ്ങളില്‍ മനുഷ്യര്‍ക്ക് ദോഷകരമായ അളവില്‍ പഞ്ചസാര ചേര്‍ക്കുന്നത് ചര്‍ച്ചയുണ്ടായില്ല. കെല്ലഗീസ് ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനു ശേഷം നിരോധനമൊന്നുമുണ്ടായില്ല.
ഇന്ത്യയില്‍ അതെങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യത്തിന് ഐ.എല്‍.എസ്.ഐയുടെ ഇന്ത്യന്‍ ട്രസ്റ്റികളുടെ ലിസിറ്റിലുണ്ട് ഉത്തരം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ മേധാവിയായിരുന്ന ആലോക് ധവാനാണ് ഇപ്പോള്‍ ഐ.എല്‍.എസ്.ഐയുടെ ട്രസ്റ്റികളിലൊരാള്‍. മറ്റരൊള്‍ കമലാ കൃഷ്ണ സ്വാമി. ഇന്ത്യന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ മുന്‍ ഡയറക്ടറാണ് കമലാസ്വാമി. രാജ്യത്തിന്റെ ന്യൂട്രീഷ്യന്‍ നയത്തിനു വേണ്ട മാര്‍ഗരേഖ നല്‍കാനുള്ള സ്ഥാപനമാണ് ഇന്ത്യന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍. ട്രസ്റ്റികളില്‍ മറ്റൊരാള്‍ രാജ്യത്തെ എക്‌സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കേഷന്‍ ബോഡിയായ എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ എസ്. കെ സക്‌സേന. മറ്റൊരാള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ മുന്‍ ഡയറക്ടറും ന്യൂട്രീഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റുമായ ബി. ശശികിരണാണ്. യുനൈറ്റഡ് നാഷന്റെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍സിന്റെ റീജ്യനല്‍ ഓഫിസ് മുന്‍ സീനിയര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ ഓഫിസര്‍ ബി.കെ നാന്ദിയ. എല്ലാവരും സര്‍ക്കാര്‍ നിലപാടുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍.
മറ്റു ചിലര്‍ കൂടിയുണ്ട്. കൊക്കക്കോള ഇന്ത്യയുടെ സയന്റിഫിക് റഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ രാജേന്ദ്ര ദോബ്‌റിയാല്‍, നെസ്‌ലെയുടെ കോര്‍പറേറ്റ് അഫയേഴ്‌സ് ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ് വൈസ് പ്രസിഡന്റ് സഞ്ജയ് കജൂരിയ, അജ്‌നമോട്ടോ സീ റീജ്യനല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്വാളിറ്റി അഷുറന്‍സ് ജനറല്‍ മാനേജര്‍ അകിറ ഒട്ടാബെ. ഡാനിസ്‌കൊ ഇന്ത്യയുടെ റഗുലേറ്ററി, സയന്റിഫിക് ആന്‍ഡ് ഗവണ്‍മെന്റ് അഫയേഴ്‌സ് ലീഡര്‍ ജസ്‌വീര്‍ സിങ്. കേന്ദ്ര സര്‍ക്കാരില്‍ ലോബിയിങ് നടത്താന്‍ ശേഷിയുള്ളരാണ് ഇവരും.
നീതി ആയോഗാണ് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള എല്ലാ പദ്ധതികളുടെയും നയരൂപീകരണം നടത്തുന്നത്. നീതി ആയോഗിന്റെ 2017ലെ വര്‍ക്കിങ് ഗ്രൂപ്പില്‍ ഭൂരിഭാഗം പേര്‍ക്കും ഐ.എല്‍.എസ്.ഐയുമായും കോര്‍പറേറ്റ് ഭക്ഷണക്കമ്പനികളുമായും ബന്ധമുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ മുന്‍ ഡയറക്ടറും ന്യൂട്രീഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റുമായ ബി. ശശികിരണാണ് നീതി ആയോഗില്‍ സ്വാധീനം ചെലുത്തിയിരുന്ന മറ്റൊരാള്‍. ഭക്ഷണപ്പാക്കറ്റുകളില്‍ ജനിതകമാറ്റം വരുത്തിയ ഭക്ഷണങ്ങളുടെ ലേബലിങ് നിര്‍ബന്ധമാക്കി 2020ന്റെ തുടക്കത്തില്‍ ശശികിരണ്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഇതില്‍ ശശികിരണിന് നിരവധി താല്‍പര്യങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."