HOME
DETAILS
MAL
പരീക്ഷാ നടത്തിപ്പില്‍ അടിമുടി മാറ്റവുമായി പി.എസ്.സി; അപേക്ഷകര്‍ കൂടുതലുള്ള തസ്തികകള്‍ക്ക് പരീക്ഷ രണ്ടുഘട്ടമായി നടത്തും
backup
May 23 2020 | 02:05 AM
തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പില്‍ നൂതന രീതിയുമായി പി.എസ്.സി. എലിമിനേഷന്‍ മാതൃകയില്‍ കൂടുതല്‍ പേര്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ രണ്ടു ഘട്ടമായി നടത്താനാണ് പി.എസ്.സി തയാറെടുക്കുന്നത്. ഈ വര്‍ഷം തന്നെ മാറ്റം ആരംഭിക്കാനാണ് പി.എസ്.സിയുടെ തീരുമാനം. ഒ.എം.ആര്‍ രീതിയിലായിരിക്കും ആദ്യ പരീക്ഷ നടത്തുക. പ്രാഥമിക പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് വാങ്ങി വിജയിക്കുന്നവര്‍ക്കു മാത്രമാണ് രണ്ടാമത്തെ പരീക്ഷ.
സംവരണ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം മുഖ്യപരീക്ഷയില്‍ ഉറപ്പാക്കും. പ്രാഥമിക പരീക്ഷയ്ക്ക് സംവരണവിഭാഗക്കാര്‍ക്ക് കട്ട് ഓഫ് മാര്‍ക്കില്‍ ഇളവനുവദിച്ച് പ്രത്യേക പട്ടിക തയാറാക്കും. റാങ്ക് നിര്‍ണയത്തിന് പ്രധാനമായും പരിഗണിക്കുന്നത് മുഖ്യപരീക്ഷയുടെ മാര്‍ക്കായിരിക്കും. അഭിമുഖമുള്ള തസ്തികകള്‍ക്ക് അതിന്റെ മാര്‍ക്ക് കൂടി റാങ്ക് നിര്‍ണയിക്കാന്‍ പരിഗണിക്കും. പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് റാങ്കിങ്ങിന് ഉപയോഗിക്കില്ല. യോഗ്യതയനുസരിച്ച് തസ്തികകള്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇങ്ങനെ ഏകീകരിച്ച തസ്തികകള്‍ക്കാണ് പൊതുവായി പ്രാഥമിക പരീക്ഷ നടത്തുന്നത്.
പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കിയായിരിക്കും ആദ്യ പരീക്ഷ. മുഖ്യപരീക്ഷയുടെ പാഠ്യപദ്ധതിയില്‍ തസ്തികയ്ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ചിലതിന് വിവരണാത്മക പരീക്ഷ വേണ്ടിവരും. ഇക്കാര്യങ്ങളില്‍ അതത് സമയത്ത് യോജിച്ച തീരുമാനം പി.എസ്.സി കൈക്കൊള്ളും. പൊതുവിജ്ഞാനത്തിലെ മാത്രം മികവനുസരിച്ച് സര്‍ക്കാര്‍ ജോലി ലഭിക്കുന്ന സമ്പ്രദായത്തിനു മാറ്റം വരുത്തുന്ന രീതിയാണ് ഇതിലൂടെ പി.എസ്.സി ലക്ഷ്യമിടുന്നുണ്ട്. ഈ വര്‍ഷം ഇതിനു തുടക്കമിടുമെങ്കിലും ഏതു തസ്തിക മുതല്‍ നടപ്പാക്കണമെന്ന് തീരുമാനിച്ചിട്ടില്ല.
നിലവില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ള വിവിധ തസ്തികകള്‍ക്കായി 48 ലക്ഷം അപേക്ഷകളാണ് പി.എസ്.സിയിലുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും പൊതു അപേക്ഷകരാണ്. തസ്തിക പരിഗണിക്കാതെ അപേക്ഷകരെ ഏകീകരിച്ചപ്പോള്‍ എണ്ണം 21 ലക്ഷമായി കുറഞ്ഞു. ഈ 21 ലക്ഷം പേര്‍ക്കായിരിക്കും ഏകീകൃത പ്രാഥമിക പരീക്ഷ നടത്തുന്നത്. അതിലൂടെ പരീക്ഷ നടത്തുന്ന ചെലവു കുറയ്ക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."