കാട്ടാന ശല്യം; വനംവകുപ്പ് 125 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ വനമേഖലയില്‍ കാട്ടാനകളെ പ്രതിരോധിക്കാന്‍ താല്‍ക്കാലികമായി 125 ജീവനക്കാരെ കൂടി നിയമിക്കാന്‍ വനം വകുപ്പ് തീരുമാനം.
വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ ഗൂഡല്ലൂരില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ഗുഡല്ലൂര്‍ വനമേഖലയിലുള്ള ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്ന ആനകളെ കാട്ടിലേക്ക് തുരത്താന്‍ 90 പേരെയും വനംകൊള്ള തടയുന്നതിന് 25 ജീവനക്കാരെയും ഇതിനു പുറമെ പത്ത് പേരടങ്ങിയ പ്രത്യേക സംഘത്തെയും നിയമിക്കാനാണ് തീരുമാനം.
ആനകളുടെ സാന്നിധ്യമുള്ള പാതയോരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവ കണക്കെടുത്ത് ആ ഭാഗങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തും. രാത്രിയില്‍ വെളിച്ചമില്ലാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും ആനകള്‍ ഇഷ്ടപ്പെടുന്നഭക്ഷ്യവസ്തുക്കളായ മധുരകരിമ്പ്, വാഴ, തെങ്ങ്, കഴുങ്ങ്, പ്ലാവ് തുടങ്ങിയ വീടിനോട് ചേര്‍ന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യരുതെന്നും ആനതാരകളില്‍ വൈദ്യുത വേലി സ്ഥാപിക്കരുതെന്നും യോഗം നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കി. ആനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തിയാല്‍ ഉടന്‍ വനം വകുപ്പിനെ വിവരമറിയിക്കണമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഡി.എഫ്.ഒ 042622613 02, ഗൂഡല്ലൂര്‍, ഓ വാലി റെയ്ഞ്ചര്‍മാര്‍ 9443523414, ബിതര്‍ക്കാട്, ചെരമ്പാടി 8903771610 എന്നീ നമ്പറുകളിലാണ് വിവരമറിയിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."